ഐഷ പോറ്റിക്കെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം ∙ സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിക്കെതിരേ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി.
ഐഷ പോറ്റി വർഗവഞ്ചകയാണെന്നും അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള രാഷ്ട്രീയ അസുഖമാണ് അവരെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം വാർത്താസമ്മേളനത്തിലായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
ഐഷ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള പ്രവേശനം വലിയ ‘വിസ്മയം’ സൃഷ്ടിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
വിസ്മയം തീർക്കുമെന്ന പേരിലാണ് ഐഷ പോറ്റിയെ കോൺഗ്രസ് പാർട്ടിയിൽ ഉൾപ്പെടുത്തിയതെങ്കിലും അതൊന്നും ജനങ്ങൾ സ്വീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അത്തരമൊരു വിസ്മയവും കേരള രാഷ്ട്രീയത്തിൽ നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഷ പോറ്റി കഴിഞ്ഞ കുറേ കാലമായി സിപിഎം പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ഒരു കമ്മിറ്റിയിലും അവർ പങ്കെടുത്തിരുന്നില്ലെന്നും, അന്ന് അസുഖമാണെന്നായിരുന്നു വിശദീകരണമെന്നും ഗോവിന്ദൻ പറഞ്ഞു.
ഐഷ പോറ്റിക്കെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
എന്നാൽ ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിക്കഴിഞ്ഞുവെന്നും, അത് അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമാണെന്നും അദ്ദേഹം പരിഹാസരൂപേണ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിസ്മയം സൃഷ്ടിക്കാൻ പ്രായമായ നേതാക്കളെ തിരഞ്ഞ് ഇറങ്ങിയിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഇത്തരം നീക്കങ്ങൾ കൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ലെന്നും, കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിസ്മയം തീർക്കുന്നത് എൽഡിഎഫ് ആയിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഐഷ പോറ്റി ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നത്. ലോക്ഭവനിൽ കെപിസിസി സംഘടിപ്പിച്ച രാപ്പകൽ സമരവേദിയിലെത്തിയാണ് അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് ഐഷ പോറ്റി കോൺഗ്രസിലെത്തിയത്. ഈ നീക്കം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
ഐഷ പോറ്റി ഇത്തവണ കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. ഇതിനായുള്ള പ്രാഥമിക രാഷ്ട്രീയ പ്രവർത്തനങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
മൂന്ന് തവണ കൊട്ടാരക്കരയിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ഐഷ പോറ്റി കഴിഞ്ഞ അഞ്ച് വർഷങ്ങളായി സിപിഎമ്മുമായി അകന്ന നിലയിലായിരുന്നു.
അവരുടെ പാർട്ടി മാറ്റം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുമോയെന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.









