വിദേശ കറൻസിയും സ്വർണവും വായ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ശബരിമലയിൽ രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശ കറൻസിയും സ്വർണവും വായ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് ദേവസ്വം ജീവനക്കാരെ ദേവസ്വം വിജിലൻസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി. നായർ (51) എന്നിവരാണ് പിടിയിലായത്. ഇരുവരും താത്കാലിക ജീവനക്കാരാണ്. പിന്നീട് സന്നിധാനം പൊലീസിന് കൈമാറി.
ജോലി കഴിഞ്ഞ് സന്നിധാനത്ത് നിന്ന് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ഇരുവരുടെയും വായ അസാധാരണമായി നിറഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ വിദേശ കറൻസികൾ കണ്ടെത്തുകയായിരുന്നു.
കോട്ടിങ് ഉള്ളതിനാൽ വായ്ക്കുള്ളിൽ വെച്ചാലും കേടാകില്ലെന്നതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്.
ഗോപകുമാറിൽ നിന്ന് മലേഷ്യൻ കറൻസിയും സുനിൽ ജി. നായറിൽ നിന്ന് യൂറോ, കനേഡിയൻ ഡോളർ, യുഎഇ കറൻസികളും പിടിച്ചെടുത്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഗോപകുമാറിന്റെ ബാഗിൽ നിന്ന് 500 രൂപയുടെ 27 നോട്ടുകൾ, 100 രൂപയുടെ രണ്ട് നോട്ടുകൾ, 20 രൂപയുടെ നാല് നോട്ടുകൾ, 10 രൂപയുടെ നാല് നോട്ടുകൾ ഉൾപ്പെടെ 13,820 രൂപയും രണ്ട് ഗ്രാം തൂക്കമുള്ള സ്വർണലോക്കറ്റും കണ്ടെത്തി.
സുനിൽ ജി. നായരുടെ ബാഗിൽ നിന്ന് 500 രൂപയുടെ 50 നോട്ടുകളും 17 വിദേശ കറൻസികളും അടക്കം 25,000 രൂപയും കണ്ടെടുത്തതായി വിജിലൻസ് എസ്.പി വി. സുനിൽകുമാർ അറിയിച്ചു.
തപാൽ–ബാങ്ക് ഇടപാടുകളും പരിശോധനയിൽ
സന്നിധാനത്തിൽ നിന്ന് സ്ഥിരമായി പണം അയച്ചിരുന്ന ദേവസ്വം ജീവനക്കാരുടെ പട്ടിക തപാൽ ഓഫീസുകളിലും ബാങ്കുകളിലും നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു.
പല ജീവനക്കാരും തുടർച്ചയായി പണം അയച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ചോദ്യം ചെയ്യും.
ഇത്രയും പണം സന്നിധാനത്ത് നിന്ന് എങ്ങനെ ലഭിച്ചുവെന്നും കൈക്കൂലി അല്ലെങ്കിൽ മോഷണവസ്തുക്കളാണോ കൈമാറ്റം ചെയ്തതെന്നതും അന്വേഷണ പരിധിയിലാണെന്നും വിജിലൻസ് വ്യക്തമാക്കി.
ഇടപാട് വിവരങ്ങൾ നൽകാൻ തപാൽ വകുപ്പും ബാങ്കുകളും സമ്മതം അറിയിച്ചിട്ടുണ്ട്.
English Summary
Two temporary Devaswom employees were arrested at Sabarimala for attempting to smuggle foreign currency and gold by hiding them inside their mouths. The accused were caught during a routine inspection while leaving the temple premises. Further searches revealed Indian currency, foreign currencies, and gold ornaments from their belongings. Vigilance officials have also initiated a probe into the postal and bank transactions of other Devaswom employees, suspecting a larger racket involving illegal money transfers.
sabarimala-devaswom-staff-arrested-foreign-currency-gold-smuggling
Sabarimala, Devaswom, Vigilance, Foreign Currency, Gold Smuggling, Kerala News, Temple Administration









