എ, എ പ്ലസ്, ബി ക്ലാസ് ഇത്തവണ വേണ്ട; നിയമസഭ തിരഞ്ഞെടുപ്പിൽ ‘മിഷൻ 40’ തന്ത്രവുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ‘മിഷൻ 40’ എന്ന തന്ത്രവുമായി ബി.ജെ.പി. രംഗത്ത്.
കഴിഞ്ഞ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച 40 നിയമസഭാ മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഈ മണ്ഡലങ്ങളിൽ മുൻകൂട്ടി സ്ഥാനാർത്ഥികളെ നിർണയിച്ച് സംഘടനാപ്രവർത്തനം ആരംഭിക്കും.
മുന്‍പ് പാർട്ടിയുടെ സംഘടനാ ശക്തിയെ അടിസ്ഥാനമാക്കി മണ്ഡലങ്ങളെ എ, എ പ്ലസ്, ബി ക്ലാസ് എന്നിങ്ങനെ തരംതിരിച്ചായിരുന്നു തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ.
ആ രീതിയിൽ നിന്ന് മാറിയാണ് മിഷൻ 40ക്ക് രൂപം നൽകിയത്. വോട്ട്ബേസ് ശക്തമായ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ലക്ഷ്യബദ്ധമായ പ്രവർത്തനമാണ് ഇനി സ്വീകരിക്കുക.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട തുടങ്ങിയ മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി.
തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും നേടി.
തദ്ദേശ തിരഞ്ഞെടുപ്പിൽ നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂർ, മലമ്പുഴ, എലത്തൂർ, കാസർകോട്, മഞ്ചേശ്വരം, അരൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പാർട്ടി മുന്നിലെത്തി.
ഇതിൽ അഞ്ചിടങ്ങളിൽ 45,000ൽ അധികം വോട്ടും മറ്റ് പല മണ്ഡലങ്ങളിൽ 40,000ഓളം വോട്ടും ലഭിച്ചു.
കോവളം, വട്ടിയൂർക്കാവ്, പാറശാല, ചിറയിൻകീഴ്, കൊട്ടാരക്കര, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, നാട്ടിക, ഒറ്റപ്പാലം, പാലക്കാട്, മാവേലിക്കര മണ്ഡലങ്ങളിൽ 35,000 മുതൽ 40,000 വരെ വോട്ടുകൾ നേടി.
തിരുവനന്തപുരം, ആറ്റിങ്ങൽ, കുന്നത്തൂർ, ആറന്മുള, കരുനാഗപ്പള്ളി, കുണ്ടറ, ചേലക്കര, വടക്കാഞ്ചേരി, മണലൂർ, ഷൊർണൂർ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, നെന്മാറ മണ്ഡലങ്ങളിൽ 30,000 മുതൽ 35,000 വരെ വോട്ടുകളാണ് ലഭിച്ചത്.
തിരുവനന്തപുരം ജില്ലയിൽ നേമത്തും വട്ടിയൂർക്കാവിലും ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
വികസനരേഖയും കർമ്മപദ്ധതിയും
മിഷൻ 40ൽ ഉൾപ്പെട്ട മണ്ഡലങ്ങളിൽ വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും പ്രത്യേക വികസനരേഖ തയ്യാറാക്കുകയും ചെയ്യും.
വോട്ടർ പട്ടികയിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാമൂഹ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും മണ്ഡലങ്ങളിലെ സാമൂഹ്യ, സാമ്പത്തിക, മത സാഹചര്യങ്ങൾ പഠിക്കാൻ ഏജൻസികളെ നിയോഗിക്കുകയും ചെയ്യും.
പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓരോ മണ്ഡലത്തിനും പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും.
കൂടാതെ ഓരോ മണ്ഡലത്തിലും പ്രത്യേക പ്രഭാരിയെ നിയമിക്കുകയും മുഴുവൻസമയം പ്രവർത്തിക്കുന്ന പ്രവർത്തകരെ താത്കാലികമായി നിയോഗിക്കുകയും ചെയ്യും.
English Summary:
The BJP has launched ‘Mission 40’ aiming to win 40 assembly constituencies in the upcoming Kerala Assembly elections. The party plans to focus on constituencies where it performed strongly in recent Lok Sabha and local body elections, finalise candidates early, and implement constituency-specific development and organisational strategies.
bjp-mission-40-kerala-assembly-election-strategy
BJP, Mission 40, Kerala Assembly Election, Kerala Politics, BJP Kerala, Lok Sabha Election, Local Body Election









