കഷ്ടപ്പാടിലും പതറാത്ത സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപ സമ്മാനം
ചെന്നൈ: നഗരത്തിലെ ശുചീകരണ തൊഴിലാളിയായ പത്മയുടെ സത്യസന്ധതയും മാനുഷിക മൂല്യങ്ങളും വീണ്ടും സമൂഹത്തിന് മുന്നിൽ തെളിഞ്ഞിരിക്കുകയാണ്.
റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽനിന്ന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന 45 പവൻ സ്വർണാഭരണങ്ങൾ ലഭിച്ചിട്ടും, ഒരുനിമിഷം പോലും മടിക്കാതെ അവ പൊലീസിന് കൈമാറിയാണ് പത്മ മാതൃകയായത്.
പതിവുപോലെ ചെന്നൈയിലെ ടി നഗർ പ്രദേശത്ത് ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പത്മ. ഈ സമയത്താണ് റോഡരികിൽ സംശയാസ്പദമായി കിടന്ന ഒരു ബാഗ് അവരുടെ ശ്രദ്ധയിൽപ്പെടുന്നത്.
മാലിന്യമെന്ന് കരുതി മാറ്റുന്നതിനിടയിൽ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ വിലയേറിയ സ്വർണാഭരണങ്ങൾ നിറഞ്ഞിരിക്കുന്നതായി കണ്ടത്.
നിമിഷങ്ങൾക്കുള്ളിൽ അവയുടെ മൂല്യം മനസ്സിലാക്കിയെങ്കിലും, സ്വന്തം ജീവിത സാഹചര്യങ്ങളെക്കുറിച്ചോ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചോ ചിന്തിക്കാതെ, പത്മ ഉടൻ തന്നെ ബാഗുമായി അടുത്തുള്ള പോണ്ടി ബസാർ പൊലീസ് സ്റ്റേഷനിലെത്തി സ്വർണം കൈമാറുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ സ്വർണാഭരണങ്ങൾ നങ്കനല്ലൂർ സ്വദേശിയായ രമേശ് എന്ന വ്യക്തിയുടേതാണെന്ന് സ്ഥിരീകരിച്ചത്.
വിവാഹം, കുടുംബചടങ്ങ് തുടങ്ങിയ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന സ്വർണം വഴിയിൽ നഷ്ടപ്പെട്ടതാണെന്നാണ് വിവരം. വിലപിടിപ്പുള്ള സ്വർണം തിരികെ ലഭിച്ചതോടെ രമേശും കുടുംബവും വലിയ ആശ്വാസത്തിലാണ്.
സംഭവം പുറത്തറിഞ്ഞതോടെ, സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പത്മയ്ക്ക് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.
ശുചീകരണ തൊഴിലാളിയായിട്ടും അത്യുന്നതമായ സത്യസന്ധത പുലർത്തിയ പത്മയുടെ പെരുമാറ്റം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശ്രദ്ധയിൽപ്പെടുത്തി.
കഷ്ടപ്പാടിലും പതറാത്ത സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപ സമ്മാനം
അവരുടെ മാതൃകാപരമായ പ്രവൃത്തിയെ ആദരിച്ച് ഒരു ലക്ഷം രൂപയുടെ പാരിതോഷികം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് നൽകുകയും ചെയ്തു.
ഇത് പത്മയുടെ കുടുംബത്തിന് ആദ്യ അനുഭവമല്ല എന്നതാണ് ശ്രദ്ധേയം. വർഷങ്ങൾക്കുമുമ്പ്, ഭർത്താവ് സുബ്രഹ്മണിക്കും മറീന ബീച്ചിന് സമീപത്ത് നിന്ന് ഒന്നര ലക്ഷം രൂപ അടങ്ങിയ ബാഗ് ലഭിച്ചിരുന്നു.
അന്നും അതേ സത്യസന്ധതയോടെ പണം പൊലീസിന് കൈമാറിയിരുന്നു. വാടകവീട്ടിൽ കഴിയുന്ന ഈ ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്.
ജീവിതത്തിലെ വെല്ലുവിളികൾക്കിടയിലും മൂല്യങ്ങൾ കൈവിടാത്ത ഈ കുടുംബം ഇന്ന് സമൂഹത്തിന് ഒരു പ്രചോദനമായി മാറിയിരിക്കുകയാണ്.









