പത്ത് മിനിറ്റിൽ ഡെലിവറി വേണ്ട; കർശന നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: സേവനങ്ങൾ വേഗത്തിലാക്കുന്നതിന്റെ പേരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിച്ച ‘പത്ത് മിനിറ്റിൽ ഡെലിവറി’ മാതൃക അവസാനിപ്പിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം അടിയന്തര നിർദ്ദേശം നൽകി.
ഡെലിവറി തൊഴിലാളികൾ ഉൾപ്പെടുന്ന ഗിഗ് തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് നടപടി.
കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ നേരിട്ട് ഇടപെട്ടതിനെ തുടർന്ന് ബ്ലിങ്കിറ്റ് തന്റെ ‘10 മിനിറ്റ് ഡെലിവറി’ വാഗ്ദാനം ബ്രാൻഡിംഗിൽ നിന്ന് നീക്കം ചെയ്തു.
കേന്ദ്ര നിർദ്ദേശത്തിന്റെ ഭാഗമായി ബ്ലിങ്കിറ്റിന്റെ ടാഗ്‌ലൈൻ ‘10 മിനിറ്റിനുള്ളിൽ 10,000ലധികം ഉത്പന്നങ്ങളുടെ ഡെലിവറി’ എന്നതിൽ നിന്ന് ‘30,000ലധികം ഉത്പന്നങ്ങൾ’ എന്നാക്കി പരിഷ്‌കരിച്ചു.
കേന്ദ്രത്തിന്റെ ഈ നീക്കം സെപ്‌റ്റോ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന.
സാധനങ്ങൾ പത്ത് മിനിറ്റിനുള്ളിൽ എത്തിക്കാനുള്ള സമ്മർദ്ദം മൂലം അതിവേഗം സഞ്ചരിക്കേണ്ടിവരുകയും അപകടങ്ങൾ വർധിക്കുകയുമുണ്ടെന്ന് ഗിഗ് തൊഴിലാളികൾ പരാതിപ്പെടുന്നു.
ജോലി സമ്മർദ്ദവും കുറഞ്ഞ വേതനവും ചൂണ്ടിക്കാട്ടി അവർ സമരത്തിലാണ്.
സ്വിഗ്ഗി, സൊമാറ്റോ, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട ഡെലിവറി തൊഴിലാളികളെയും ഡ്രൈവർമാരെയും പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് (ഐ.എഫ്.എ.ടി) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ തൊഴിൽ മന്ത്രി ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, സൊമാറ്റോ കമ്പനികളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.
കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡിൽ ഗിഗ് തൊഴിലാളികളെയും പ്ലാറ്റ്‌ഫോം തൊഴിലാളികളെയും ഉൾപ്പെടുത്തി സാമൂഹിക സുരക്ഷാ പദ്ധതികൾ രൂപപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
English Summary
The Union Labour Ministry has directed online platforms to discontinue the ‘10-minute delivery’ model following complaints from gig workers. After intervention by Labour Minister Mansukh Mandaviya, Blinkit removed the promise from its branding, citing safety concerns, work pressure, and low wages faced by delivery workers.
centre-directs-end-to-10-minute-delivery-model
10 Minute Delivery, Gig Workers, Blinkit, Swiggy, Zomato, Zepto, Labour Ministry, Mansukh Mandaviya, Online Delivery Platforms, Worker Safety









