‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ
കൊച്ചി ∙ വടക്കൻ പറവൂരിൽ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങി യുപിഐ പെയ്മെന്റിന്റെ മറവിൽ പണം തട്ടുന്ന സംഘം സജീവം.
‘ചേട്ടാ, ആയിട്ടുണ്ട്’ എന്ന പറഞ്ഞ് പേയ്‌മെന്റ് പൂർത്തിയായതായി കാണിക്കുന്ന ‘ടിക്’ മാർക്ക് കാണിച്ച ശേഷം നിമിഷങ്ങൾക്കുള്ളിൽ കടന്നുകളയുകയാണ് തട്ടിപ്പിന്റെ രീതി.
പിന്നീട് നമ്പറിലേക്ക് വിളിച്ചാൽ ഭീഷണിയുമുണ്ടാകുന്നതായി വ്യാപാരികൾ പറയുന്നു. സംഭവങ്ങൾ തുടർച്ചയായതോടെ വ്യാപാരികൾ പൊലീസിനെ സമീപിച്ചു.
ആദ്യ സംഭവം കഴിഞ്ഞ ഒക്ടോബർ 31നാണ്. പറവൂർ ജങ്ഷനടുത്ത തെക്കേനാരുവഴിയിലെ ഒരു സ്പെയർപാർട്സ് കടയിലാണ് രണ്ട് യുവാക്കൾ ബൈക്കിലെത്തി 1,680 രൂപയുടെ സാധനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയത്.
ഹെൽമറ്റും മാസ്‌കും ധരിച്ചെത്തിയ യുവാക്കളിൽ ഒരാൾ ഗൂഗിൾ പേ വഴി പണം അയച്ചതായി പറഞ്ഞ് ‘ടിക്’ മാർക്ക് കാണിച്ചു. പിന്നീട് പരിശോധനയിൽ പണം അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായി.
സ്ക്രീൻഷോട്ട് ആവശ്യപ്പെട്ടപ്പോൾ മറ്റൊരു നമ്പറിൽ നിന്നുള്ള വ്യാജ ടെക്സ്റ്റ് സന്ദേശമാണ് ലഭിച്ചതെന്ന് കടയുടമ പറഞ്ഞു. ബൈക്കിന് നമ്പർ പ്ലേറ്റുമില്ലായിരുന്നു.
ടെക്സ്റ്റ് സന്ദേശം വന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ തനിക്ക് സംഭവവുമായി ബന്ധമില്ലെന്നും ‘എന്ത് വേണമെങ്കിലും ചെയ്തോളൂ’ എന്ന ഭീഷണിയുമാണ് മറുവശത്ത് നിന്നുണ്ടായതെന്നും കടയുടമ പറയുന്നു.
പരാതി നൽകിയിട്ടും അന്വേഷണം കാര്യമായി മുന്നോട്ടുപോയില്ലെന്ന പരാതിയുമുണ്ട്.
ഇതിനിടെയാണ് അടുത്തിടെ അതേ കടയിൽ വീണ്ടും എത്തിയ രണ്ട് യുവാക്കൾ 700 രൂപയുടെ സാധനങ്ങൾ വാങ്ങി സമാന രീതിയിൽ ‘ടിക്’ മാർക്ക് കാണിച്ചത്.
പണം ലഭിച്ചില്ലെന്ന് പറഞ്ഞതോടെ എടിഎമ്മിൽനിന്ന് പണം എടുക്കാം എന്ന് പറഞ്ഞ് സാധനങ്ങൾ കൈവശം വെക്കാതെ അവർ മടങ്ങി.
പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച, സമീപത്തെ മറ്റൊരു കടയിൽ നിന്ന് 1,900 രൂപയുടെ ബാറ്ററി വാങ്ങിയും സംഘം തട്ടിപ്പ് നടത്തി കടന്നതായി വ്യാപാരികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ചെറിയ തുകകളുടെ സമാന തട്ടിപ്പുകൾ മറ്റ് പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പറവൂർ പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
English Summary:
A gang is cheating shopkeepers in North Paravur by pretending to make UPI payments and showing fake “payment successful” tick marks before fleeing. Multiple incidents have been reported, and traders have approached the police, who say efforts are underway to identify the culprits.
upi-payment-fraud-north-paravur-traders-complaint
UPI Fraud, North Paravur, Kerala Crime, Online Payment Scam, Traders, Police Investigation









