ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും ഭക്തിഗാനങ്ങൾക്ക് അവസരം
ശബരിമല: ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും ഭക്തിഗാനങ്ങൾക്ക് അവസരം ഒരുങ്ങുന്നു.
നവാഗതരെയും ഉൾപ്പെടുത്തി പുതിയ ഭക്തിഗാനങ്ങൾ ഉച്ചഭാഷിണി വഴി കേൾപ്പിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
നിലവിൽ കെ.ജെ. യേശുദാസ്, ജയ–വിജയൻമാർ തുടങ്ങിയ പ്രമുഖ ഗായകരുടെ ഗാനങ്ങളാണ് സന്നിധാനത്ത് പ്രധാനമായും മുഴങ്ങുന്നത്.
ഇനിമുതൽ പുതുതായി രചിച്ച്, ചിട്ടപ്പെടുത്തി, സ്വരമാധുര്യത്തോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ഉൾപ്പെടുത്തും.
സമർപ്പിക്കുന്ന ഗാനം സ്വന്തം സൃഷ്ടിയാണെന്നും, മറ്റാർക്കും പകർപ്പവകാശ അവകാശവാദമില്ലെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലവും സമ്മതപത്രവും രചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ എന്നിവർ ചേർന്ന് നൽകണം.
ഗാനം പെൻഡ്രൈവിൽ സൂക്ഷിച്ച് ശബരിമല സന്നിധാനം പബ്ലിക് റിലേഷൻസ് ഓഫീസിൽ സമർപ്പിക്കണം. വിശദമായ പരിശോധനയ്ക്ക് ശേഷം യോഗ്യമെന്ന് കണ്ടെത്തുന്ന ഗാനങ്ങൾ ഉൾപ്പെടുത്തുമെന്ന് ദേവസ്വം പി.ആർ.ഒ ജി. എസ്. അരുൺ അറിയിച്ചു.
നിലവിൽ ശബരിമലയിൽ പുലർച്ചെ നട തുറക്കുന്നത് യേശുദാസ് ആലപിച്ച ‘വന്ദേ വിഘ്നേശ്വരം’ എന്ന ഗാനത്തോടെയാണ്. ഉച്ചകഴിഞ്ഞ് മൂന്നിന് നട തുറക്കുമ്പോൾ ജയ–വിജയൻമാരുടെ ‘ശ്രീകോവിൽ നട തുറന്നു’ എന്ന ഗാനം കേൾപ്പിക്കും.
രാത്രി നട അടയ്ക്കുമ്പോൾ യേശുദാസിന്റെ ശബ്ദത്തിലുള്ള ഹരിവരാസനം മുഴങ്ങും. ഭക്തർക്കായി നടത്തുന്ന അറിയിപ്പുകൾക്കിടയിലും മറ്റ് ഭക്തിഗാനങ്ങൾ കേൾപ്പിക്കാറുണ്ട്.
ഈ ഗാനങ്ങൾ സന്നിധാനത്തിന് താഴെയുള്ള മരക്കൂട്ടം വരെയും വ്യക്തമായി കേൾക്കാനാകും.
English Summary
Sabarimala Devaswom Board has decided to allow devotional songs by all singers, including newcomers, to be played at the Sabarimala shrine. Along with popular renditions by K.J. Yesudas and Jay-Vijayan, newly composed original devotional songs will also be considered. Creators must submit consent letters and copyright declarations. Approved songs will be broadcast through the shrine’s public address system after verification.
sabarimala-devotional-songs-open-to-all-singers
Sabarimala, Devotional songs, Devaswom Board, Ayyappa, Bhakti music, KJ Yesudas, Jay Vijayan, Temple news, Kerala news









