നാളെ മുതൽ മഴ സജീവം; ചില ജില്ലകളിൽ യെല്ലോ അലർട്ട്, ജനുവരി 10ന് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും സജീവമാകാൻ കാരണമാകുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുണ്ടായിരുന്ന തീവ്ര ന്യൂനമർദം ഇപ്പോൾ അതിതീവ്ര ന്യൂനമർദമായി ശക്തിപ്പെട്ടിരിക്കുകയാണ്.
അടുത്ത 36 മണിക്കൂറിനിടെ ഈ അതിതീവ്ര ന്യൂനമർദം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരമോ രാത്രിയോ ശ്രീലങ്ക തീരത്ത് ഹബൻടോട്ടയ്ക്കും കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മുതൽ ഇടത്തരം വരെ മഴ ലഭിക്കാം. ജനുവരി 10ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ ചില ഭാഗങ്ങളിൽ നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ജനുവരി 10, 11 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
എന്നാൽ ജനുവരി 9ന് തെക്കുപടിഞ്ഞാറൻ, മധ്യപടിഞ്ഞാറൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിലും തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ചില അവസരങ്ങളിൽ കാറ്റിന്റെ വേഗം 55 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നും, കടലിൽ മോശം കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
English Summary
The India Meteorological Department has forecast rainfall in Kerala starting tomorrow due to a cyclonic circulation over the Bay of Bengal. An intensifying low-pressure system is expected to make landfall over Sri Lanka, triggering light to moderate rainfall across Kerala for the next five days.
kerala-rain-forecast-yellow-alert-bay-of-bengal-cyclone
Kerala rain, IMD warning, weather alert, yellow alert, Bay of Bengal cyclone, Kerala weather, heavy rainfall, fishermen warning









