കൊച്ചി: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾ പിടികൂടാനുള്ള ട്രാഫിക് പൊലീസിന്റെ ശ്രമങ്ങൾക്കിടയിൽ വിചിത്രമായൊരു ചതിക്കുഴി.
ഒരേ നിയമലംഘനത്തിന്റെ ചിത്രം ഉപയോഗിച്ച് രണ്ട് വ്യത്യസ്ത സമയങ്ങളിൽ, രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് നിയമം ലംഘിച്ചുവെന്ന് കാട്ടി യുവാവിന് ഇരട്ടി പിഴ ചുമത്തിയിരിക്കുകയാണ്.
കൊച്ചി പാലാരിവട്ടം സ്വദേശി നെറ്റോയ്ക്കാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വിചിത്രമായ നടപടി നേരിടേണ്ടി വന്നത്.
കലൂരിലെ നിയമലംഘനത്തിന് പിന്നാലെ കച്ചേരിപ്പടിയിലും പിഴ; ഒരേ ചിത്രം രണ്ടിടത്ത് ഉപയോഗിച്ചെന്ന് പരാതിക്കാരൻ
കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.02-ന് കലൂരിൽ വെച്ച് സീബ്രാ ക്രോസിങ് നിയമം ലംഘിച്ചു എന്നാരോപിച്ച് നെറ്റോയുടെ വാഹനത്തിന് ആദ്യത്തെ ‘ഇ-ചെലാൻ’ ലഭിച്ചിരുന്നു.
ആ തെറ്റ് സമ്മതിച്ച് മുന്നോട്ട് പോയ നെറ്റോയെ ഞെട്ടിച്ചത് ഉച്ചയ്ക്ക് 12.51-ന് മൊബൈലിൽ വന്ന രണ്ടാമത്തെ സന്ദേശമാണ്.
കച്ചേരിപ്പടിയിൽ വെച്ച് വീണ്ടും സീബ്രാ ക്രോസിങ് ലംഘനം നടത്തിയെന്നായിരുന്നു രണ്ടാമത്തെ പിഴ.
എന്നാൽ രണ്ടാമത്തെ പിഴയ്ക്കൊപ്പം വന്ന ചിത്രം പരിശോധിച്ചപ്പോഴാണ് പൊലീസിന്റെ ‘കൈയ്യബദ്ധം’ പുറത്തായത്.
കലൂരിലെ ചിത്രത്തിന്റെ തന്നെ വൈഡ് ആംഗിൾ രൂപമാണ് കച്ചേരിപ്പടിയിലെ തെളിവായി പൊലീസ് നൽകിയിരിക്കുന്നത്.
വാഹനം മാൾ പാർക്കിങ്ങിൽ, ഉടമ തീയേറ്ററിൽ സിനിമ കാണുന്നു; എന്നിട്ടും കച്ചേരിപ്പടിയിൽ വെച്ച് പിഴ അടിക്കാൻ പൊലീസിന് എങ്ങനെ കഴിഞ്ഞു?
രണ്ടാമത്തെ പിഴ ലഭിച്ചതായി രേഖകളിൽ പറയുന്ന സമയം (12.51 PM) നെറ്റോ എം.ജി റോഡിലെ ഒരു മാളിൽ സിനിമ കാണുകയായിരുന്നു.
ഈ സമയം അദ്ദേഹത്തിന്റെ വാഹനം സുരക്ഷിതമായി മാൾ പാർക്കിങ്ങിലായിരുന്നു. താൻ തീയേറ്ററിനുള്ളിൽ ഇരിക്കുമ്പോൾ തന്റെ വാഹനം എങ്ങനെ കച്ചേരിപ്പടിയിൽ നിയമലംഘനം നടത്തി എന്ന ചോദ്യമാണ് നെറ്റോ ഉയർത്തുന്നത്.
ഇതിന്റെ കൃത്യമായ തെളിവായി തീയേറ്റർ ടിക്കറ്റും മാളിലെ പാർക്കിങ് രസീതും അദ്ദേഹം കരുതിയിട്ടുണ്ട്.
സമാനമായ അടയാളങ്ങളും ഒരേ പരിസരവും; സാങ്കേതിക പിഴവോ അതോ ഉദ്യോഗസ്ഥരുടെ മനഃപൂർവമായ അനാസ്ഥയോ?
രണ്ട് ചലാനുകളിലെയും ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ റോഡിലെ സീബ്രാ ലൈൻ അടയാളങ്ങൾ പോലും ഒന്നാണെന്ന് വ്യക്തമാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് നെറ്റോ പരാതി നൽകിയിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളും ഓൺലൈൻ സംവിധാനങ്ങളും വരുമ്പോൾ ഇത്തരത്തിലുള്ള പിഴവുകൾ
സാധാരണക്കാരെ വലയ്ക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
English Summary
Netto, a resident of Palarivattom, has filed a formal complaint against the Kochi Traffic Police for a duplicate fine issuance. While he was fined at 10:02 AM in Kaloor for a zebra crossing violation, he received another fine for the same offense at 12:51 PM, allegedly at Kacheripady. However, the photo used for the second fine was simply a wider shot of the first location.









