തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന റേഷൻ ഉപഭോക്താക്കൾക്ക് നിർണ്ണായകമായ അറിയിപ്പുമായി സിവിൽ സപ്ലൈസ് വകുപ്പ്.
ജനുവരി മാസത്തെ റേഷൻ വിഹിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
മുൻഗണനേതര വിഭാഗങ്ങളായ വെള്ള, നീല കാർഡ് ഉടമകൾക്ക് കഴിഞ്ഞ മാസങ്ങളിൽ ലഭിച്ചിരുന്ന അധിക അരി വിഹിതം ഈ മാസം മുതൽ നിർത്തലാക്കി.
എന്നാൽ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം റേഷൻ കടകളിലൂടെ ആട്ട വിതരണം പുനരാരംഭിക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
കാർഡുടമകൾക്ക് ലഭിച്ചിരുന്ന അധിക അരി വിഹിതം നിർത്തലാക്കി
സംസ്ഥാനത്തെ വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധിക അരി ലഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ മാസങ്ങളിൽ ഉത്സവ സീസൺ പ്രമാണിച്ചും മറ്റും നൽകിയിരുന്ന സ്പെഷ്യൽ അരി വിഹിതമാണ് ഇപ്പോൾ നിർത്തലാക്കിയത്.
ഇതോടെ വെള്ള കാർഡുടമകൾക്ക് കഴിഞ്ഞ മാസം ലഭിച്ചിരുന്ന 10 കിലോ അരിക്ക് പകരം ഈ മാസം കേവലം 2 കിലോ അരി മാത്രമാണ് ലഭിക്കുക.
നീല കാർഡുടമകൾക്ക് ഓരോ അംഗത്തിനും 2 കിലോ വീതം അരി ലഭിക്കുമെങ്കിലും, കഴിഞ്ഞ മാസം ലഭിച്ചിരുന്ന 5 കിലോ അധിക വിഹിതം ഇത്തവണ ഉണ്ടാകില്ല.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കടകളിൽ ആട്ട തിരികെ എത്തുന്നു
റേഷൻ ഉപഭോക്താക്കൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്. 2023 ഓഗസ്റ്റിനുശേഷം ആദ്യമായി മുൻഗണനേതര വിഭാഗത്തിന് (Non-Priority) ആട്ട അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.
അതത് താലൂക്കുകളിലെ സ്റ്റോക്ക് ലഭ്യത അനുസരിച്ച് ഒരു കാർഡിന് 1 കിലോ മുതൽ 2 കിലോ വരെ ആട്ട ലഭിക്കും.
പൊതുവിപണിയിൽ ആട്ടയ്ക്ക് വലിയ വിലയുള്ളപ്പോൾ കിലോയ്ക്ക് വെറും 17 രൂപ നിരക്കിലാണ് റേഷൻ കടകൾ വഴി ഇത് വിതരണം ചെയ്യുന്നത്. എൻ.പി.ഐ (NPI) കാർഡുകൾക്കും ഒരു കിലോ ആട്ട ലഭിക്കുന്നതാണ്.
തുടർച്ചയായ രണ്ട് ദിവസങ്ങളിൽ അവധി; വിതരണം ശനിയാഴ്ച മുതൽ
പുതുവർഷത്തോടനുബന്ധിച്ച് ഇന്നും (ജനുവരി 1), മന്നം ജയന്തി പ്രമാണിച്ച് നാളെയും (ജനുവരി 2) സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കും.
അതിനാൽ ജനുവരി മാസത്തെ റേഷൻ വിതരണം ജനുവരി 3 ശനിയാഴ്ച മാത്രമേ ആരംഭിക്കുകയുള്ളൂ.
കൂടാതെ, ജനുവരി മുതൽ മാർച്ച് വരെയുള്ള ക്വാർട്ടറിലെ മണ്ണെണ്ണ വിഹിതവും ഈ മാസത്തെ റേഷനൊപ്പം കൈപ്പറ്റാവുന്നതാണ്.
English Summary
The Kerala Civil Supplies Department has announced significant changes in the ration distribution for January. Non-priority groups (White and Blue cards) will see a reduction in rice as additional allocations are discontinued. White cardholders will get only 2 kg, while Blue cardholders will receive 2 kg per member.









