രണ്ട് സെക്കൻഡിൽ 700 കിലോമീറ്റർ; ചരിത്രമെഴുതി ചൈനയുടെ മാഗ്ലെവ് ട്രെയിൻ
ബീജിങ്: ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകൾക്ക് പേരുകേട്ട രാജ്യമാണ് ചൈന.
ഇപ്പോഴിതാ വെറും രണ്ട് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 700 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന മാഗ്ലെവ് ട്രെയിനുമായി അവർ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.
ചൈനയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ ചരിത്രനേട്ടത്തിന് പിന്നിൽ.
രണ്ട് സെക്കൻഡിൽ 700 കിലോമീറ്റർ; ചരിത്രമെഴുതി ചൈനയുടെ മാഗ്ലെവ് ട്രെയിൻ
മാഗ്നറ്റിക് ലെവിറ്റേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ട്രെയിനിന്റെ അതിവേഗ സഞ്ചാരം സാധ്യമാക്കിയത്.
400 മീറ്റർ നീളമുള്ള (ഏകദേശം 1,310 അടി) മാഗ്ലെവ് ട്രാക്കിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും വേഗതയേറിയ സൂപ്പർകണ്ടക്റ്റിംഗ് ഇലക്ട്രിക് മാഗ്ലെവ് ട്രെയിനാണിതെന്ന് ഗവേഷകർ പറയുന്നു.
പരീക്ഷണ വീഡിയോയിൽ, കണ്ണുകൾ കൊണ്ട് പിന്തുടരാൻ പോലും കഴിയാത്തത്ര വേഗത്തിൽ, വെള്ളി നിറമുള്ള ഒരു മിന്നൽപ്പിണർ പോലെ ട്രെയിൻ പാഞ്ഞുപോകുന്നത് കാണാം.
സൂപ്പർകണ്ടക്റ്റിംഗ് മാഗ്നറ്റുകൾ ഉപയോഗിച്ച് ട്രെയിനിനെ ട്രാക്കിന് മുകളിൽ തൂക്കി നിർത്തി, ഘർഷണം ഏറ്റവും കുറഞ്ഞ നിലയിലാക്കി അതിവേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന സംവിധാനമാണ് മാഗ്ലെവ് ട്രെയിനുകളുടെ പ്രത്യേകത.
ഇതാണ് സാധാരണ റെയിൽവേ സംവിധാനങ്ങളിൽ നിന്ന് ഇവയെ വേറിട്ടുനിർത്തുന്നത്.
കഴിഞ്ഞ 10 വർഷമായി ഈ പദ്ധതിയിൽ പ്രവർത്തിച്ചുവരുന്ന ഗവേഷക സംഘമാണ് ഇപ്പോൾ ഈ വമ്പൻ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഈ വർഷം ആദ്യം ഇതേ ട്രാക്കിൽ നടത്തിയ പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ 648 കിലോമീറ്റർ വേഗതയിലെത്തിയിരുന്നു.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതേ സർവകലാശാലയാണ് ചൈനയിലെ ആദ്യത്തെ മനുഷ്യരെ വഹിക്കാവുന്ന സിംഗിൾ ബോഗി മാഗ്ലെവ് ട്രെയിൻ വികസിപ്പിച്ചതും.
ഈ പുതിയ നേട്ടത്തോടെ, മാഗ്ലെവ് സാങ്കേതികവിദ്യയിൽ പൂർണ പ്രാവീണ്യം നേടിയ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന മാറിയിരിക്കുകയാണ്. ഗതാഗത രംഗത്ത് ഭാവി എത്ര വേഗത്തിൽ മുന്നേറാമെന്നതിന് ഉജ്ജ്വലമായ ഉദാഹരണമാണ് ഈ നേട്ടം.









