കൊച്ചിയിൽ ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരെ ഒരേസമയം കത്തിക്കും
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഇത്തവണ പുതുവത്സരാഘോഷങ്ങൾ ചരിത്രത്തിലേക്ക് മാറുകയാണ്. ആദ്യമായാണ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പാപ്പാഞ്ഞിമാരെ ഒരേസമയം കത്തിക്കാൻ ഒരുങ്ങുന്നത്.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലും വേളി ഗ്രൗണ്ടിലുമാണ് പാപ്പാഞ്ഞിമാരുടെ നിർമ്മാണം പൂർത്തിയായത്.
രണ്ട് കേന്ദ്രങ്ങളിലും പാപ്പാഞ്ഞിമാരെ കത്തിക്കുന്നതിന് പൊലീസിന് യാതൊരു എതിര്‍പ്പുമില്ലെന്ന് അധികൃതർ അറിയിച്ചു.
ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് ഫോർട്ട് കൊച്ചിയിൽ വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഏകദേശം 1300 ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിവിധ കേന്ദ്രങ്ങളിലായി വിന്യസിക്കും. ട്രാഫിക് നിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം, അടിയന്തര സാഹചര്യങ്ങൾ നേരിടൽ തുടങ്ങിയ കാര്യങ്ങൾക്കായി പ്രത്യേക സുരക്ഷാ പദ്ധതി നടപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വർഷവും രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നെങ്കിലും, വേളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ മാത്രമാണ് കത്തിച്ചത്.
അന്ന് പരേഡ് ഗ്രൗണ്ടിൽ കൊച്ചി കാർണിവൽ കമ്മിറ്റി സ്ഥാപിച്ചിരുന്ന പാപ്പാഞ്ഞിയെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് കത്തിച്ചിരുന്നില്ല.
ഇതോടൊപ്പം കൊച്ചി കാർണിവൽ കമ്മിറ്റിയുടെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കുകയും ചെയ്തിരുന്നു.
പതിവായി ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് ലോകപ്രശസ്തമായ പാപ്പാഞ്ഞി കത്തിക്കൽ ചടങ്ങ് നടക്കാറുള്ളത്. എന്നാൽ കഴിഞ്ഞ തവണ വേളി ഗ്രൗണ്ടിൽ സ്ഥാപിച്ച പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് പൊലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നു.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് പൊലീസ് എതിർപ്പ് രേഖപ്പെടുത്തിയത്. ഇതോടെ വേളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം നൽകി.
എന്നാൽ ഇതിനെതിരെ സംഘാടകരായ ‘ഗലാ ഡേ ഫോർട്ട് കൊച്ചി’ ഹൈക്കോടതിയെ സമീപിച്ചു. വിശദമായ വാദം കേട്ട കോടതി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന വ്യവസ്ഥയിൽ പാപ്പാഞ്ഞിമാരെ കത്തിക്കാൻ അനുമതി നൽകുകയായിരുന്നു.
ഇത്തവണ എല്ലാ നിയമാനുസൃത അനുമതികളും മുൻകൂട്ടി നേടിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. രണ്ട് കേന്ദ്രങ്ങളിലും ആഘോഷങ്ങൾ നിയന്ത്രിതമായ രീതിയിലായിരിക്കും നടക്കുക.
ഫോർട്ട് കൊച്ചിയുടെ പുതുവത്സരാഘോഷങ്ങൾ കൂടുതൽ വിപുലവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഇരട്ട പാപ്പാഞ്ഞി കത്തിക്കൽ തീരുമാനമെന്നും സംഘാടകർ അറിയിച്ചു.









