ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തി ഭീഷണിപ്പെടുത്തി ബജറംഗ് ദൾ പ്രവർത്തകർ രംഗത്തെത്തിയ സംഭവങ്ങൾ വലിയ വിവാദമായി മാറുന്നു.
ഡൽഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ക്രിസ്മസുമായി ബന്ധപ്പെട്ട പരിപാടികൾ തടഞ്ഞതും റദ്ദാക്കിയതും.
ഡൽഹിയിലെ ബദൽപൂർ മേഖലയിൽ മാർക്കറ്റിൽ സാന്താക്ലോസിന്റെ തൊപ്പി ധരിച്ചെത്തിയ സ്ത്രീകളെ ബജറംഗ് ദൾ പ്രവർത്തകർ തടഞ്ഞ് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.
പൊതുസ്ഥലങ്ങളിൽ ഇത്തരം ആഘോഷങ്ങൾ പാടില്ലെന്നും ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ വീടിനുള്ളിൽ തന്നെ നടത്തണമെന്നും പ്രവർത്തകർ ആക്രോശിച്ചു.
സംഭവം നടന്ന സമയത്തെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനം ശക്തമായി.
മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് ഉച്ചഭക്ഷണ പരിപാടിയും ബജറംഗ് ദൾ പ്രവർത്തകർ തടഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തി ഭീഷണിപ്പെടുത്തി ബജറംഗ് ദൾ പ്രവർത്തകർ
ഹവാബാഗ് കോളേജിന് സമീപം നടന്ന പരിപാടി സ്‌കൂൾ അധികൃതരുടെ അനുമതിയില്ലാതെ കുട്ടികളെ കൊണ്ടുവന്നുവെന്നാരോപിച്ചായിരുന്നു തടസ്സപ്പെടുത്തിയത്.
കുട്ടികളോട് മതപരിവർത്തനത്തിനാണോ അല്ലെങ്കിൽ വേശ്യാവൃത്തിക്കാണോ ഇവിടെ എത്തിച്ചതെന്ന ചോദ്യം ഉന്നയിക്കുന്ന ബിജെപി നേതാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.
കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് പരിപാടി നിർത്തിവെപ്പിച്ചതെന്നാരോപിച്ച് സാമൂഹ്യ പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കേണ്ടിവന്നു. ഗംഗാതീരത്തുള്ള യുപി ടൂറിസം വകുപ്പിന്റെ ഹോട്ടലിൽ ‘എക്സ്പീരിയൻസ് ക്രിസ്മസ്’ എന്ന പേരിൽ ഡിസംബർ 24ന് നടത്താനിരുന്ന പരിപാടിയാണ് ഗംഗാ സഭ എന്ന പുരോഹിത സംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയത്.
ആഘോഷം ഹിന്ദു വിരുദ്ധമാണെന്നായിരുന്നു സംഘടനയുടെ ആരോപണം. എന്നാൽ കുട്ടികൾക്കായുള്ള ലഘുവായ കളികളും വിനോദ പരിപാടികളുമാത്രമാണ് ഉദ്ദേശിച്ചതെന്ന് ഹോട്ടൽ അധികൃതർ വിശദീകരിച്ചു.
അതേസമയം, ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ക്രിസ്മസ് അവധി റദ്ദാക്കി. ഡിസംബർ 25ന് എല്ലാ സർക്കാർ വിദ്യാലയങ്ങളും പ്രവർത്തിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
അന്നേ ദിവസം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് സ്കൂളുകളിൽ പ്രത്യേക പരിപാടികൾ നടത്താൻ നിർദേശം നൽകിയിരിക്കുന്നത്.
ഈ സംഭവങ്ങൾ മതസ്വാതന്ത്ര്യവും സാംസ്കാരിക വൈവിധ്യവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു.
ഭരണകൂടത്തിന്റെ നിലപാട് സംഘപരിവാർ സംഘടനകൾക്ക് അനുകൂലമാണെന്ന വിമർശനവും ശക്തമാകുകയാണ്.









