പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ
ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ഗാഡി ഗ്രാമത്തിൽ സ്ത്രീക്കെതിരെ നടന്ന ക്രൂരമായ ആക്രമണം സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയാണ്.
പീഡനശ്രമം ചെറുത്ത യുവതിയുടെ ശരീരത്തിലേക്ക് പ്രതികൾ തിളച്ച എണ്ണ ഒഴിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ഡോക്ടർമാരുടെ വിലയിരുത്തലിൽ കൈകൾക്കും കാലുകൾക്കും ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള പൊള്ളലേറ്റതായും യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായും അറിയിച്ചു.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരയായ യുവതിയുടെ ഭർത്താവ് ശാരീരിക വൈകല്യമുള്ള വ്യക്തിയാണ്.
കുടുംബത്തിന്റെ ഉപജീവനത്തിനായി യുവതി ഗ്രാമത്തിൽ ഒരു ചെറിയ തട്ടുകട നടത്തിവരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കടയിൽ എത്തിയ ഒരു സംഘം യുവാക്കൾ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
യുവതി ഇതിനെതിരെ ശക്തമായി പ്രതികരിച്ചതോടെയാണ് തർക്കം രൂക്ഷമായത്. തർക്കത്തിനിടെ പ്രതികളിൽ ഒരാൾ കടയിൽ സമൂസ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന തിളച്ച എണ്ണ എടുത്ത് യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ രണ്ട് യുവാക്കൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. യുവതിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി അടിയന്തരമായി ആശുപത്രിയിലേക്ക് എത്തിച്ചു.
സമയബന്ധിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് സൂചന നൽകി.
ആക്രമണത്തിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടുമെന്നും സ്ത്രീകളെ ലക്ഷ്യമാക്കി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിക്ക് ആവശ്യമായ എല്ലാ ചികിത്സാസഹായങ്ങളും നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.









