ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും
ബെംഗളൂരു ∙ കര്‍ണാടകയെ നടുക്കി വീണ്ടും ഒരു ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി.
ഹുബളി സ്വദേശിനിയായ മന്യ പാട്ടീൽ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹുബ്ബള്ളി റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇനാം വീരാപുര ഗ്രാമത്തിലാണ് ഞായറാഴ്ച വൈകീട്ട് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.
ഗ്രാമത്തിലെ ലിംഗായത്ത് സമുദായത്തിൽപ്പെട്ട മന്യയും ദലിത് വിഭാഗത്തിൽപ്പെട്ട വിവേകാനന്ദയും ബിരുദ വിദ്യാർഥികളായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെ മന്യയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു.
ഈ എതിര്‍പ്പുകളെ അവഗണിച്ചാണ് കഴിഞ്ഞ മേയിൽ ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ കുടുംബവൈര്യം ഒഴിവാക്കുന്നതിനായി ദമ്പതികൾ ഹാവേരി ജില്ലയിലേക്ക് താമസം മാറുകയും ചെയ്തു.
മന്യ ഗർഭിണിയായതോടെ, ബന്ധങ്ങൾ സാധാരണ നിലയിലാക്കാമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഒൻപതിനാണ് ഇരുവരും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്.
ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും
എന്നാൽ ഇതിനുപിന്നാലെ മന്യയുടെ വീട്ടുകാർ വിവേകാനന്ദയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി കൗൺസലിംഗും ചര്‍ച്ചകളും നടത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
എന്നാൽ ഞായറാഴ്ച വൈകീട്ട് സ്ഥിതി വീണ്ടും രൂക്ഷമായി. മന്യയുടെ അച്ഛൻ പ്രകാശ് ഗൗഡ പാട്ടീൽ, സഹോദരൻ അരുണ്‍, ബന്ധു വീരണ്ണ എന്നിവർ ചേർന്ന് വിവേകാനന്ദയുടെ കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
വെട്ടുകത്തി ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മന്യ, വിവേകാനന്ദയുടെ അച്ഛൻ, അമ്മ, ബന്ധു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ മന്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം ഗർഭിണിയായിരുന്നു മന്യ.
ആക്രമണത്തിൽ പരുക്കേറ്റ വിവേകാനന്ദയുടെ അമ്മയുടെ നില ഗുരുതരമാണെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ മുഖ്യപ്രതികളായ മന്യയുടെ അച്ഛൻ പ്രകാശ്, സഹോദരൻ അരുണ്‍, ബന്ധു വീരണ്ണ എന്നിവരെ ഹുബ്ബളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ദുരഭിമാനക്കൊല എന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ദുരഭിമാനത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടികൾ വേണമെന്ന് സാമൂഹിക സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെട്ടു.









