സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ
കണ്ണൂർ: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്ന കൗൺസിലർമാർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാതിരുന്ന സംഭവമാണ് കണ്ണൂരിൽ ശ്രദ്ധേയമായത്.
പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വി.കെ. നിഷാദ്, തലശ്ശേരി നഗരസഭയിലെ ബിജെപി കൗൺസിലർ യു. പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്.
പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ വി.കെ. നിഷാദ് ജയിലിൽ കഴിയുകയാണ്.
തലശ്ശേരി കോടിയേരിയിൽ സിപിഎം പ്രവർത്തകനായ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് യു. പ്രശാന്ത് ശിക്ഷ അനുഭവിക്കുന്നത്.
കണ്ണൂർ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ ജില്ലയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇതോടെ പൂർത്തിയായി.
അതേസമയം, എറണാകുളം കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കയ്യാങ്കളി ഉണ്ടായി. യുഡിഎഫ് 16-ാം വാർഡ് കൗൺസിലർ ജോമി മാത്യുവിനാണ് കയ്യേറ്റമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്ത് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ രാവിലെ 11.30നും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നു.
മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26-നും പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-നും നടക്കും. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിൽ മേയർ ആരെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയ ബിജെപി അംഗങ്ങൾ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷം പാളയത്ത് നിന്ന് ജാഥയായി കോർപ്പറേഷനിലെത്തി.
കെ.എസ്. ശബരീനാഥൻ ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൾ ഭരണഘടനയുടെ പകർപ്പ് കൈയിൽ പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.
കൊല്ലത്ത്, കോർപ്പറേഷനിൽ നിയുക്ത മേയർ എ.കെ. ഹഫീസ് ഉൾപ്പെടെ യുഡിഎഫിലെ 27 അംഗങ്ങളും, എൽഡിഎഫിലെ 16 അംഗങ്ങളും, എൻഡിഎയുടെ 12 അംഗങ്ങളും, ഒരു എസ്‌ഡിപിഐ അംഗവും സത്യപ്രതിജ്ഞ ചെയ്തു.
കോർപ്പറേഷൻ രൂപീകരിച്ച് 25 വർഷത്തിന് ശേഷമാണ് എൽഡിഎഫ് അല്ലാത്ത ഒരു മുന്നണി ഭരണത്തിലെത്തുന്നത്. ജില്ലാ പഞ്ചായത്തിൽ ചടയമംഗലം ഡിവിഷനിൽ നിന്ന് വിജയിച്ച മുൻ എംഎൽഎ ആർ. ലതാദേവി ഉൾപ്പെടെ 27 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.
എൽഡിഎഫിന് 17ഉം യുഡിഎഫിന് 10ഉം അംഗങ്ങളാണ് ഉള്ളത്. ആദ്യ ടേം സിപിഐയ്ക്ക് ആയതിനാൽ ആർ. ലതാദേവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകാൻ സാധ്യതയുണ്ട്.
കോഴിക്കോട് ജില്ലയിൽ 70 ഗ്രാമപഞ്ചായത്തുകളിലെയും 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും ഏഴ് നഗരസഭകളിലെയും കോഴിക്കോട് കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.
കോഴിക്കോട് കോർപ്പറേഷനിൽ ചക്കോരത്തുകുളത്ത് നിന്ന് ജയിച്ച ബിജെപി അംഗം അയ്യപ്പന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
പത്തനംതിട്ട പ്രമാടം പഞ്ചായത്തിൽ, ബിജെപി പ്രതിനിധികളായി വിജയിച്ച വി. ശങ്കർ അയ്യപ്പനാമത്തിലും, ഭാര്യ അഞ്ജലി ശങ്കർ സംസ്കൃതത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
English Summary
Oath-taking ceremonies for newly elected local body representatives were held across Kerala, though two councillors in Kannur could not take oath as they remain in jail in criminal cases. The day also saw clashes during oath-taking in Kothamangalam, while major developments unfolded in Thiruvananthapuram, Kollam, Kozhikode, and Pathanamthitta corporations and panchayats.
kerala-local-body-oath-taking-councillors-jail-clash
Kannur, Local Body Elections, Oath Taking, Councillors in Jail, Kothamangalam Clash, Kerala Politics, Municipal Councils









