ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ
കൊച്ചി∙ ഭർത്താവിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനെത്തിയ ഗർഭിണിയെ സ്റ്റേഷൻ ഹൗസ് ഓഫീസർ മാറിടത്തിൽ പിടിച്ചുതള്ളി കരണത്തടിച്ച സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ കെ.ജി. പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തു.
ഞെട്ടിക്കുന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി.
നോർത്ത് പോലീസ് സ്റ്റേഷനു സമീപം ടൂറിസ്റ്റ് ഹോം നടത്തുന്ന ബെൻജോ ബേബിയുടെ ഭാര്യയായ ഷൈമോളാണ് ക്രൂരമായ പോലീസ് അതിക്രമത്തിന് ഇരയായത്.
2024 ജൂൺ 19-ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പരാതിക്കാർക്ക് ലഭിച്ചത്.
ദൃശ്യങ്ങളിൽ ഗർഭിണിയായ ഷൈമോളെ എസ്.എച്ച്.ഒ നെഞ്ചിൽപിടിച്ച് തള്ളുകയും കരണത്തടിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.
ഭർത്താവിനെ പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത് കണ്ടതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ പിന്നാലെയെത്തിയ ഷൈമോൾ, സ്റ്റേഷനിലെത്തി ഭർത്താവിനെ മർദിക്കുന്നതുകണ്ടതായും ഇത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്നും വ്യക്തമാക്കി.
സംഭവസമയത്ത് താൻ ഗർഭിണിയാണെന്നും യുവതി പറയുന്നു.
മർദനത്തെ തുടർന്ന് ചികിത്സ തേടിയ ഷൈമോൾ പോലീസിനെതിരെ പരാതി നൽകിയതോടെ, കള്ളക്കേസുകൾ ചുമത്തി കുടുക്കിയെന്നാണ് ആരോപണം.
സ്റ്റേഷനിൽ അതിക്രമം കാട്ടി, സി.ഐയുടെ ദേഹം മാന്തിപ്പറിച്ചു, ഫർണിച്ചറിന് നാശനഷ്ടം വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് തനിക്കെതിരെ ചുമത്തിയതെന്ന് ഷൈമോൾ പറഞ്ഞു.
സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്, സമീപത്തെ ഹോട്ടലിലെ രണ്ട് ജീവനക്കാരെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ ബെൻജോ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണെന്ന് ദമ്പതികൾ ആരോപിക്കുന്നു.
ഇതിന്റെ പേരിൽ പൊലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെയും ബെൻജോയെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പിന്നീട് വീഡിയോ ദൃശ്യം ആവശ്യപ്പെട്ട് പൊലീസ് വീണ്ടും കടയിലെത്തുകയും, നൽകാൻ വിസമ്മതിച്ചതോടെ ബെൻജോയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
നീതിക്കായി ദമ്പതികൾ കോടതിയെ സമീപിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. സി.ഐക്കെതിരേ എറണാകുളം എസിജെഎം കോടതിയിൽ നൽകിയ സ്വകാര്യ പരാതി നിലവിൽ തുടരുകയാണ്.
ദൃശ്യങ്ങൾ സംരക്ഷിച്ച് പരാതിക്കാർക്ക് കൈമാറാൻ കോടതി നിർദേശം നൽകിയിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ദൃശ്യങ്ങൾ ലഭ്യമായത്.
നീതിക്കായുള്ള നിയമപോരാട്ടം തുടരുമെന്ന് ദമ്പതികൾ വ്യക്തമാക്കി. ആരോപണം നേരിടുന്ന കെ.ജി. പ്രതാപചന്ദ്രൻ നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലാണ് സേവനമനുഷ്ഠിക്കുന്നത്.
English Summary
A Kerala police Sub-Inspector, K.G. Prathapachandran, has been suspended after CCTV footage emerged showing him assaulting a pregnant woman at the Ernakulam North Police Station. The incident occurred when the woman questioned the custody and alleged assault of her husband. The footage, released following a High Court order, shows the officer pushing and slapping her. The victim alleges she was later framed in false cases after filing a complaint. Legal proceedings against the officer are ongoing.
Pregnant Woman Assaulted at Police Station; SHO Suspended
Kerala Police, Ernakulam North Police Station, Police Brutality, CCTV Footage, Pregnant Woman Assault, SHO Suspension, High Court, Legal Battle









