കോടതിയുടെ വെള്ളംകുടി മുട്ടിച്ച കള്ളൻ പിടിയിൽ
കൊച്ചി: കോടതിയുടെ ശൗചാലയങ്ങളിൽ നിന്നുള്ള ടാപ്പുകളും ഫിറ്റിംഗ്‌സുകളും മോഷ്ടിച്ച് വെള്ളംകുടി മുട്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം ജില്ലാക്കോടതി സമുച്ചയത്തിലെ ടോയ്ലറ്റുകളിൽ നിന്നും പട്ടാപ്പകൽ ടാപ്പുകൾ അഴിച്ച് മോഷ്ടിച്ച കൊല്ലം കന്റോൺമെന്റ് സൗത്ത് പുതുവാൾ പുത്തൻവീട്ടിൽ ഷാജഹാൻ അബൂബക്കർ (ഷാജൻ–48) ആണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലടക്കമുള്ള വിവിധസ്ഥലങ്ങളിൽ നിന്നുമുള്ള മോഷണങ്ങളും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
മദ്യത്തിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് ഷാജഹാൻ മൊഴി നൽകി. മോഷ്ടിച്ച ടാപ്പുകൾ കോട്ടയത്ത് വിൽക്കുകയായിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ഇന്നലെ കോടതി സമുച്ചയത്തിന്റെ താഴത്തെ നിലയിൽ ഉള്ള ശൗചാലയത്തിൽ ടാപ്പ് അഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇയാളെ പെട്ടെന്ന് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മുമ്പും ജയിലിലായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ മൊബൈൽഫോൺ മോഷണക്കേസിൽ പിടിയിലായി ആറുമാസം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. ഏകദേശം ഒന്നരമാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്.
കോടതിയിലെ വിവിധശൗചാലയങ്ങളിൽ ഒരേ വ്യക്തി കയറുന്നതായി സി.സി.ടിവി ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
English Summary
Police arrested a man who stole taps and fittings from the Ernakulam district court complex’s toilets in broad daylight. The accused, Shajahan Aboobacker (48) from Kollam Cantonment, had also committed thefts from Thiruvananthapuram Medical College and other places. He admitted that he stole the items to buy alcohol and sold the stolen taps in Kottayam. He was caught while removing a tap inside the court’s lower-level restroom. A repeat offender, he had recently completed a six-month jail term in a mobile theft case. CCTV footage of him entering multiple restrooms helped police track him down.
court-tap-theft-accused-arrested-ernakulam
Kochi, Crime, Theft, Court, Kerala Police, Ernakulam









