ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും
നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും പോലീസ് സഹായത്തോടെ സിംപിളായി തിരികെപ്പിടിക്കണോ? സയർ പോർട്ടലാണ് സഹായിക്കുക.
സയർ ( CEIR ) പോർട്ടലിലൂടെ റെജിസ്റ്റർ ചെയ്തതിന്റെ ഫലമായി രണ്ട് മാസത്തിനുള്ളിൽ നഷ്ടപ്പെട്ട 44 മൊബൈൽ ഫോണുകളാണ് തൃശൂരിലെ ഒല്ലൂർ പോലീസ് കണ്ടെടുത്തത്.
തമിഴ്‌നാട് ആന്ധ്രപ്രദേശ് തുടങ്ങീസ്ഥലങ്ങളിൽ നഷ്ടപെട്ട മൊബൈലുകളുടെ ലൊക്കേഷനുകളിലെ നിരവധിപേരെ ഒല്ലൂർ ഇൻസ്‌പെക്ടർ പി എം വിമോദ് ന്റെ നിർദ്ദേശത്തിൽ സിവിൽ പോലീസ് ഓഫീസർ നിരാജ് മോൻ നിരന്തരമായി ബന്ധപ്പെട്ടിരുന്നു.
ഇത്തരത്തിലുള്ള കൃത്യമായ പ്രവർത്തനവും സൈബർ സെല്ലിന്റെ സേവനമികവും മൊബൈൽ ഫോണുകൾ തിരികെ ലഭിക്കാൻ സഹായകമായി.
മൊബൈൽ ഫോൺ നഷ്ടപെട്ടതു സംബന്ധിച്ച് സയർ പോർട്ടലിൽ റെജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച് സിറ്റി പോലീസ് ബോധവത്ക്കരണം നടത്തിയിരുന്നു.
ഇത്തരം ബോധവത്ക്കരണങ്ങൾ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സയർ പോർട്ടൽ വഴി റെജിസ്റ്റർ ചെയ്യുന്നതിലൂടെ വളരെ വേഗത്തിൽ നഷ്ടപെട്ട മൊബൈൽ ഫോൺ കണ്ടെത്താനാകുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് പറഞ്ഞു.
മൊബൈൽ ഫോൺ നഷ്ടപെട്ടാൽ ഉടൻതന്നെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ ഇൻറർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ െഎ ഡി യും പാസ് വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ find my divice ൽ log in ചെയ്ത് ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്.
എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇമെയിൽ െഎ ഡി ഓർമ്മയില്ല ലൊക്കേഷൻ ഓൺ അല്ല എങ്കിൽ ceir.gov.in എന്ന പോർട്ടലിൽ ( https://www.ceir.gov.in/Home/index.jsp ) റെജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്.
ഇതിൽ റെജിസ്റ്റർ ചെയ്യണമെങ്കിൽ നഷ്ടപെട്ട ഫോണിന്റെ ഡൂപ്‌ളിക്കേറ്റ് സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് എസ് എം എസ് ആക്ടീവ് ആയിരിക്കണം.
മാത്രമല്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ റെസീപ്റ്റ് നമ്പരും ഉണ്ടായിരിക്കണം. ഇവ രണ്ടും ഉപയോഗിച്ച് സയർ പോർട്ടലിൽ റജിസ്റ്റർ ചെയ്യാം.
പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തു എന്ന മെസേജ് വരുന്നതനുസരിച്ച് സൈബർ സെല്ലിലോ പോലീസ് സ്റ്റേഷനിലോ ബന്ധപെടാം.









