ബിരിയാണി അരി ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്
പത്തനംതിട്ട: വിവാഹ ചടങ്ങിൽ ഉപയോഗിച്ച ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിൽ, പ്രശസ്ത നടൻ ദുൽഖർ സൽമാനും അരി ബ്രാൻഡ് ഉടമയ്ക്കും എതിരായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസ് നൽകി.
അരിയുടെ ബ്രാൻഡ് അംബാസഡറായ ദുൽഖറിനെ ഈ കേസിൽ പ്രധാന എതിർകക്ഷിയായി ഉൾപ്പെടുത്തിയിരിക്കുന്നു. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നടപടിയെടുക്കുന്നത്.
ദുൽഖർ സൽമാനും റൈസ് ബ്രാൻഡ് ഉടമയും ഡിസംബർ 12-ന് നേരിട്ട് കമ്മീഷന്റെ മുമ്പാകെ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
പത്തനംതിട്ട സ്വദേശിയും കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളുമായ പി.എൻ. ജയരാജൻ ആണ് പരാതി സമർപ്പിച്ചത്. വിവാഹത്തിന് വേണ്ടിയുള്ള ബിരിയാണി ഈ ബ്രാൻഡിന്റെ അരി ഉപയോഗിച്ചാണ് തയ്യാറാക്കിയത്.
എന്നാൽ, അരി പായ്ക്കുകളിലൊന്നിലും മാനുഫാക്ചറിംഗ് ഡേറ്റ്, എക്‌സ്‌പൈറി ഡേറ്റ് എന്നിവ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പ്രധാന ആരോപണം. അരി കഴിച്ച ഒരുപാട് പേർക്ക് ഭക്ഷ്യവിഷബാധ സംഭവിച്ചുവെന്ന് പരാതിയിൽ പറയുന്നു.
ബ്രാൻഡിന്റെ പരസ്യത്തിൽ ദുൽഖർ സൽമാന്റെ പങ്ക് തന്നെ അരി വാങ്ങാൻ പ്രേരിപ്പിച്ചതായി പരാതിക്കാരൻ അവകാശപ്പെടുന്നു.
അതിനാൽ തന്നെ,തന്റെ ബിസിനസ്സിന്റെ വിശ്വാസ്യതയ്ക്ക് ക്ഷതമേൽക്കാൻ ദുൽഖറും കമ്പനി അധികൃതരും ഉത്തരവാദികൾ ആണെന്ന് അദ്ദേഹം ആരോപിക്കുന്നു.
അരി വാങ്ങാൻ ചെലവായ ₹10,250 തിരികെ നൽകുക മാത്രമല്ല, ₹5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നുണ്ട്.









