ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്. ന്യൂസ് ക്ലിക്ക് ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലാണ് ഡൽഹി പൊലീസ് റെയ്ഡ് . മൊബൈൽ ഫോണുകളും, ലാപ്‌ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലുംടീസ്ത സെതൽവാദിന്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു. ഇന്നു പുലർച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊർമിളേഷ്, പ്രബിർ പുർകയസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
അതേസമയം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും ഡൽഹി പൊലീസ് റെയ്ഡ് നടത്തി . യെച്ചൂരിക്ക് സർക്കാർ നൽകിയ ഡൽഹിയിലെ വസതിയിലാണ് രാവിലെ പരിശോധന നടന്നത്. ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിൻറെ പ്രതിനിധി താമസിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് യെച്ചൂരിയുടെ വസതിയിൽ റെയ്ഡ് നടത്തുന്നത്.സി.പി.എം ഓഫിസ് റിസപ്ഷനിലെ ജീവനക്കാരൻറെ മകൻ ന്യൂസ് ക്ലിക്കിൽ ഗ്രാഫിക് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നുണ്ട്. യെച്ചൂരിയുടെ വസതിയിൽ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന ഇയാൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഡൽഹി പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.