യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു
വാഷിങ്ടൺ ∙ കുടിയേറ്റത്തിനല്ലാത്ത വീസയുമായി (Non-Immigrant Visa) അമേരിക്കയിൽ കഴിയുന്നവർക്കുള്ള തൊഴിൽ അനുമതി രേഖകളായ വർക് പെർമിറ്റ് (Employment Authorization Document – EAD) പുതുക്കൽ പ്രക്രിയ കർശനമാക്കി ട്രംപ് ഭരണകൂടം.
അപേക്ഷ നൽകിയതിന് ശേഷം 540 ദിവസം വരെ ജോലിയിൽ തുടർന്നേക്കാമെന്ന നിലവിലെ ഇളവ് അവസാനിപ്പിച്ചിരിക്കുകയാണ്.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചതനുസരിച്ച്, പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽവരും.
ഇനി മുതൽ ഇഎഡി പുതുക്കൽ അപേക്ഷകൾ യുഎസ് പൗരന്മാരുടെ തൊഴിൽസുരക്ഷയെ ബാധിക്കില്ലെന്നുറപ്പായാൽ മാത്രമേ പരിഗണിക്കൂ.
ഇതോടെ വിദേശികളുടെ തൊഴിൽ അനുമതികൾ സ്വയമേവ (ഓട്ടോമാറ്റിക്കായി) പുതുക്കുന്ന നിലവിലെ രീതി അവസാനിച്ചു.
നിലവിൽ 540 ദിവസത്തെ കാലാവധി നീട്ടി ലഭിച്ചവർക്ക് മാത്രമാണ് ഇളവ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
2022 മെയ് മാസത്തിലാണ് ബൈഡൻ ഭരണകൂടം 540 ദിവസത്തെ താൽക്കാലിക നീട്ടൽ നയം നടപ്പിലാക്കിയത്.
അന്ന് ഏകദേശം 15 ലക്ഷം അപേക്ഷകളുടെ തീർപ്പാക്കൽ വേഗത്തിലാക്കുകയും ആയിരക്കണക്കിന് വിദേശികൾക്ക് ജോലി നഷ്ടപ്പെടുന്നത് തടയുകയും ചെയ്തിരുന്നു.
എന്നാൽ, അമേരിക്കൻ പൗരന്മാരുടെ തൊഴിൽസുരക്ഷ അവഗണിച്ചുവെന്ന വിമർശനം പിന്നീട് ശക്തമായി ഉയർന്നിരുന്നു.
ഇഎഡി ആവശ്യമുള്ളവർ പ്രധാനമായും വിദ്യാർത്ഥികൾ, അഭയാർഥികൾ, നയതന്ത്ര ഉദ്യോഗസ്ഥരുടെ ആശ്രിതർ തുടങ്ങിയ കുടിയേറ്റേതര വിഭാഗങ്ങളാണ്.
സാധാരണയായി ഇവയുടെ കാലാവധി 1 മുതൽ 2 വർഷം വരെയും ചിലർക്കത് 5 വർഷം വരെയും നീട്ടാവുന്നതുമാണ്.
2022 ലെ കണക്കുകൾ പ്രകാരം, യുഎസിൽ ഏകദേശം 48 ലക്ഷം ഇന്ത്യൻ വംശജരാണ് താമസിക്കുന്നത് — ഇവരിൽ 66 ശതമാനം കുടിയേറ്റക്കാരും 34 ശതമാനം യുഎസിൽ ജനിച്ചവരുമാണ്.
പുതിയ നയം ഇന്ത്യൻ വംശജരുള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
English Summary:
The Trump administration has tightened rules for renewing Employment Authorization Documents (EADs) for non-immigrant visa holders in the U.S. The existing policy allowing individuals to continue working for up to 540 days after applying for renewal has been revoked. The Department of Homeland Security stated that renewals will now be considered only if they do not affect job security for U.S. citizens. The automatic renewal system is being discontinued, though those already granted the 540-day extension remain exempt.
Introduced in May 2022 under President Biden, the 540-day extension aimed to reduce a massive backlog of 1.5 million applications and prevent job losses among foreign workers. However, critics argued it compromised American employment opportunities. EADs are typically issued for one to two years to non-immigrant visa holders such as students, refugees, and dependents of diplomats. With around 4.8 million Indian-origin people in the U.S., many could be adversely affected by the new policy.









