ന്യൂഡൽഹി: ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ ട്രാൻസ്ഫർ ഹർജി സമർപ്പിച്ചു. പാറശ്ശാല ഷാരോൺ വധക്കേസിന്റെ അന്വേഷണം കേരള പോലീസിനു ആയിരുന്നു. അന്വേഷണത്തിന് ശേഷം നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഫയൽ ചെയ്തത്. എന്നാൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ ഹർജിയിൽ ഗ്രീഷ്മയും കേസിലെ മറ്റ് രണ്ട് പ്രതികളും ചൂണ്ടിക്കാട്ടി.
കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്നാട്ടിലാണ്. അതിനാൽ നഗർകോവിലെ ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടത് എന്നാണ് പ്രതികളുടെ വാദം. ക്രിമിനൽ നടപടി ചട്ടത്തിലെ 177 ആം വകുപ്പ് പ്രകാരം, എവിടെയാണോ കുറ്റകൃത്യം നടക്കുന്നത്, ആ സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നും ട്രാൻസ്ഫർ ഹർജിയിൽ പറയുന്നു. ഷാരോൺ മരിച്ചത് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലായതുകൊണ്ട് മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകൻ ശ്രീറാം പറകാട് ആണ് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 14നാണ് തമിഴ്‌നാട്ടിലെ രാമവര്‍മന്‍ചിറയിലുള്ള വീട്ടില്‍ വച്ച് കാമുകനായ ഷാരോണിന് ഗ്രീഷ്‌മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. കഷായം കഴിച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാരോണ്‍ ഒക്‌ടോബര്‍ 25ന് മരിച്ചു. തുടര്‍ന്ന് പൊലീസിന്‍റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ആദ്യം സ്വാഭാവിക മരണത്തിനായിരുന്നു പാറശാല പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കേസില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഗ്രീഷ്‌മ കുറ്റസമ്മതം നടത്തുകയായിരുന്നു.
Read Also: കരുവന്നൂരില്‍ പണമെത്തിക്കാന്‍ സിപിഎമ്മും സര്‍ക്കാരും