യുകെയിൽ മലയാളി യുവാവിന് അപ്രതീക്ഷിത വിയോഗം; വിടവാങ്ങിയത് കോട്ടയം സ്വദേശി
ഹെറിഫോർഡ് ∙ രണ്ടു വർഷം മുമ്പ് യുകെയിലെത്തി കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം ഈരാറ്റുപേട്ട ഇടമറുക് വേലംകുന്നേൽ വീട്ടിൽ സനൽ ആന്റണി (41) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ വീട്ടിനുള്ളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണു.
സനലിനെ ആംബുലൻസ് സഹായത്തോടെ ഹെറിഫോർഡ് കൗണ്ടി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക നിഗമനം ഹൃദയാഘാതമാണ്.
രണ്ട് വർഷം മുൻപാണ് സനൽ യുകെയിലേക്ക് എത്തിയത്. ഭാര്യ ജോസ്മിക്ക് ഹെറിഫോർഡിലെ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് കുടുംബമായി യുകെയിൽ എത്തുകയായിരുന്നു. പിന്നീട് സനലും അതേ സ്ഥാപനത്തിൽ കെയർ അസിസ്റ്റന്റായി ചേർന്നു. സോന (12), സേറ (8) എന്നിവർ മക്കളാണ്.
ഡബ്ലിനിൽ 10 വയസ്സുകാരി ലൈംഗികപീഡനത്തിന് ഇരയായ സംഭവം; പ്രതിഷേധം അക്രമാസക്തം; പൊലീസ് വാൻ കത്തിച്ചു
സനലിന്റെ അപ്രതീക്ഷിത മരണത്തിൽ കണ്ണീരോടെ കഴിയുന്ന കുടുംബത്തോടൊപ്പം പ്രാദേശിക മലയാളി സമൂഹവും കൈത്താങ്ങായി. ഹെറിഫോർഡ് മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
സനലിന്റെ കുടുംബം സിറോ മലബാർ സഭയിലെ അംഗങ്ങളാണ്. സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.









