തൃശൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച കരുവന്നൂര്‍ തട്ടിപ്പ് കേസിന്റെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി കോടതി. കേസില്‍ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷനെ കസ്റ്റഡി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന്റെ അപേക്ഷയില്‍ വാദം നടക്കുമ്പോഴാണ് നാടകിയ നീക്കം ഉണ്ടായത്. എറണാകുളം പ്രത്യേക സിബിഐ കോട
തിയിലാണ് ആദായനികുതി വകുപ്പിന്റെ അപേക്ഷ വാദത്തിനെടുത്തത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പതിവ് പോലെ മാധ്യമ സംഘം കോടതി മുറിയിലുണ്ടായിരുന്നു. ഇത് ശ്രദ്ധിച്ച ജഡ്ജി മാധ്യമപ്രവര്‍ത്തകര്‍ കോടതി മുറിയില്‍ കയറുന്നത് വിലക്കി.എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി ഷിബു തോമസാണ് നിര്‍ദേശം നല്‍കിയത്. തുറന്ന കോടതിയിലാണ് ഇഡിയുടെ കസ്റ്റഡി വാദം കേള്‍ക്കുന്നത്. തുടര്‍ന്ന് കോടതി നടപടികള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി തടയുന്നത്. സാധാരണ പീഡനകേസുകളില്‍ ഇരകളുടെ സ്വകാര്യത സൂക്ഷിക്കാന്‍ കോടതികള്‍ ഇടപെടാറുണ്ട്. പക്ഷെ കരുവന്നൂര്‍ കേസ് അടച്ചിട്ട കോടതി മുറിയിലെ നടപടി ക്രമങ്ങളുടെ ഭാഗമല്ല. തുറന്ന കോടതിയിലെ നടപടി ക്രമങ്ങളാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നടക്കുന്നത്.അത് കൊണ്ട് തന്നെ മാധ്യമവിലക്കിനുള്ള സാഹചര്യമില്ല.
നിയമ വിദഗ്ദ്ധര്‍ വിമര്‍ശിക്കുന്നു
കോടതി നടപടികള്‍ സുതാര്യമാക്കാന്‍ സുപ്രീംകോടതി പോലും ലൈവ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.അത് കൊണ്ട് തന്നെ പ്രത്യേക കാരണങ്ങള്‍ ഇല്ലാതെ കോടതി മുറിയില്‍ മാധ്യമങ്ങളെ വിലക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് അഭിഭാഷകര്‍ ചൂണ്ടികാട്ടുന്നു. നരേഷ് ശ്രീധര്‍ മിറാജ്കര്‍ കേസില്‍ സുപ്രീംകോടതി മാധ്യമ വിലക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ് :
രാജ്യത്തെ കോടതികള്‍ തുറന്ന കോടതികളാണ്. കോടതി മുറിയില്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തോടെ കോടതിയുടെ ചുവരുകള്‍ ഇല്ലാതെയാകും. കോടതി നടപടികള്‍ സുതാര്യമാകും. കോടതിയില്‍ നടക്കുന്നത് എന്തെന്ന് പൊതുസമൂഹം അറിയും. അതിനാല്‍ മാധ്യമങ്ങളുടെ സാന്നിധ്യം കോടതി മുറികളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല.
2021 ജൂലൈ മാസത്തിലാണ് കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സംസ്ഥാനത്തെ ഇളക്കി മറിക്കുന്നത്. കരുവന്നൂര്‍ ബാങ്കിലെ സ്ഥിര നിക്ഷേപകര്‍ക്ക് പണം ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ ആഴവും പരപ്പും പുറംലോകം അറിയുന്നത്. പന്ത്രണ്ട് വര്‍ഷം മുമ്പാണ് കരിവന്നൂര്‍ സഹകരണ ബാങ്കില്‍ തിരിമറി ആരംഭിക്കുന്നത്.
ബാങ്ക് സ്ഥാപിക്കപ്പെട്ടതിന്റെ നൂറാം വര്‍ഷമാണ് തട്ടിപ്പ് വെളിച്ചത്താകുന്നത് എന്നതുംശ്രദ്ധേയം
Also Read: മെഡിക്കല്‍ ഓഫീസര്‍ നിയമനം: ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം