ഇന്ത്യ-യു എസ് വ്യാപാര ബന്ധത്തിൽ തകരാറുകളുണ്ടെന്ന് എസ് ജയശങ്കർ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും, സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് അധിപത്യം പുലർത്തുന്ന അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്.
സുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാണ്.
എന്നാൽ, ചിലപ്പോൾ ചെറിയ വിഷയം പോലും വലിയ പ്രതിസന്ധിയിലേക്ക് വ്യാപാരബന്ധത്തെ തള്ളിയിട്ടിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടുത്തിടെ വ്യക്തമാക്കിയ നിലപാടുകൾ, ഇന്ത്യ-യു.എസ്. വ്യാപാരബന്ധത്തെ വീണ്ടും ആശങ്കാജനകമായ വഴിയിലേക്ക് തള്ളുന്നുവെന്ന സൂചനകൾ നൽകുന്നു.
ജയശങ്കർ തുറന്നുപറഞ്ഞത് പോലെ, ഇന്ത്യയ്ക്കൊരു പരിധിക്കപ്പുറം വ്യാപാര കരാറുകൾ അംഗീകരിക്കാനാവില്ല. ചില മേഖലകളിൽ ചർച്ചയ്ക്കുപോലും ഇന്ത്യ തയ്യാറല്ലെന്ന സന്ദേശം തന്നെയാണ് അദ്ദേഹം യു.എസ്.-നെതിരെ നൽകിയത്.
ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ഈ ‘ചുവപ്പ് രേഖ’ മറികടന്ന് ഒരു ധാരണ ഉണ്ടാകാനാവില്ലെന്ന് അദ്ദേഹം ഉറച്ച ഭാഷയിൽ പറഞ്ഞു. ഇതോടെ, വ്യാപാര ചർച്ചകൾക്ക് തടസ്സങ്ങളുണ്ടാകുമെന്ന ഭയമാണ് ഉയരുന്നത്.
ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ ചില താരിഫുകളാണ് ഇപ്പോഴത്തെ ഏറ്റവും വലിയ തടസ്സം. ജയശങ്കർ പറഞ്ഞതുപോലെ, ഒരു “നിശ്ചിത താരിഫ്” ഇന്ത്യയ്ക്ക് ഗുരുതരമായ ആഘാതം സൃഷ്ടിക്കും.
ഇന്ത്യക്ക് അന്യായമായ മറ്റൊരു താരിഫ്
അതിനൊപ്പം, ഇന്ത്യയ്ക്ക് “വളരെ അന്യായമായ” മറ്റൊരു താരിഫും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾ, ഇന്ത്യ വിപണിയിൽ വലിയ തിരിച്ചടികൽ നൽകും.
അതേസമയം, ജയശങ്കർ തുറന്നുപറഞ്ഞത് പോലെ, “അമേരിക്കയുമായി ഒരു വ്യാപാര ധാരണ ഉണ്ടാകണം” എന്നത് നിർബന്ധമാണ്.
കാരണം, യു.എസ്. ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ്. ഇന്ത്യയുടെ ഐടി മേഖല മുതൽ വസ്ത്രം, വ്യവസായം, കൃഷി തുടങ്ങിയ ഉൽപ്പന്നങ്ങൾ വരെ വലിയ തോതിൽ അമേരിക്കൻ വിപണിയെ ആശ്രയിക്കുന്നുണ്ട്.
പക്ഷേ, പ്രശ്നങ്ങൾ തുറന്നു പറഞ്ഞ് പരിഹരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന സന്ദേശമാണ് ഇപ്പോൾ ഇന്ത്യ നൽകുന്നത്.
ഇന്ത്യയും യു.എസ്. ഉം തമ്മിലുള്ള ബന്ധം പലപ്പോഴും ഉയർച്ച-താഴ്ചകളുടെതുകൂടിയാണ്. രാഷ്ട്രീയ-സുരക്ഷാ സഹകരണം ശക്തിപ്പെട്ടപ്പോൾ, വ്യാപാരബന്ധം തകരാറിലായി.
ഇപ്പോൾ വീണ്ടും അതേ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ഉയർന്നു വരുകയാണ്.
അമേരിക്കയുടെ സംരക്ഷണവാദ നിലപാടുകൾ ഇന്ത്യയുടെ ആഭ്യന്തര വ്യവസായ സംരക്ഷണ നയങ്ങൾ, പരസ്പര ആരോപണങ്ങൾ, പ്രത്യേകിച്ച് അന്യായമായ താരിഫുകൾ ഇവയെല്ലാം അടുത്തകാലത്ത് ഇരുരാജ്യങ്ങളുടെയും ബന്ധത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യ-യു.എസ്. ബന്ധം, ഇരുവരുടെയും തന്ത്രപരമായ ആവശ്യങ്ങൾക്ക് അനിവാര്യമാണ്.
എന്നാൽ, വ്യാപാര രംഗത്തെ ഈ സ്വരചേർച്ച തുടർന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ സഹകരണത്തിന് തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. ഇന്ന് ഉയരുന്ന താരിഫ് പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ട് പോകുകയാണെങ്കിൽ ഇരു രാജ്യങ്ങളുടെയും ബന്ധം വീണ്ടും തകരാറിലാകാനുള്ള സാധ്യത വളരെ കൂടുതാലാണ്.
ഇന്ത്യ-യു എസ് ബന്ധം ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു കാര്യമായതിനാൽ തന്നെ വ്യാപാര മേഖലയിൽ കൈകോർക്കേണ്ടത് അനിവാര്യമാണ്. സഹകരണം മുൻനിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവരും തയ്യാറാവാതെ പോയാൽ, “ഇന്ത്യ – യു.എസ്. വ്യാപാരബന്ധത്തെ വീണ്ടും തകർച്ചയിലേക്ക് നയിക്കുമെന്നത് ഉറപ്പാണ്.
വ്യാപാര ചർച്ചയിൽ മികച്ച ഒരു തീരുമാനത്തിലെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിൽ പ്രശ്നങ്ങളുണ്ടെന്നും എസ് ജയശങ്കർ വ്യക്തമാക്കി.ഒരു സ്വകാര്യ പരിപാടിയിലെ ചോദ്യോത്തര വേളയിലാണ് എസ്.ജയശങ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്.









