രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിനെ 146 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യ
അഹമ്മദാബാദ്∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഒന്നാം ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇറങ്ങിയ വെസ്റ്റിൻഡീസ് രണ്ടാം ഇന്നിങ്സിൽ 146 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യ.
മൂന്നാം ദിവസം ബോളർമാർ തകർത്തെറിഞ്ഞതോടെ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ ജയിച്ചത്.
ലഞ്ചിന് മുമ്പ് തന്നെ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലായിരുന്നു.
അലിക് അതാനീസ് (74 പന്തിൽ 38), ജസ്റ്റിൻ ഗ്രീവ്സ് (52 പന്തിൽ 25) എന്നിവർ പ്രതീക്ഷയൊരുക്കിയെങ്കിലും അധികം നീണ്ടില്ല.
രണ്ടാം സെഷനിൽ വാഷിങ്ടൻ സുന്ദറുടെ പന്തിൽ അനാതീസ് ക്യാച്ചായി പുറത്തായി. പിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തിൽ ഗ്രീവ്സും ബോൾഡായി.
വാലറ്റത്ത് ജെയ്ഡൻ സീൽസ് (12 പന്തിൽ 22), യൊഹാൻ ലെയ്ൻ (13 പന്തിൽ 14), ഖാരി പിയറി (28 പന്തിൽ 13) എന്നിവർ ചെറുതായി പ്രതിരോധം കാട്ടിയെങ്കിലും ഇന്ത്യയുടെ ബൗളിംഗ് മികവിന് മുന്നിൽ എല്ലാവരും വീണു.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകൾ നേടി.
ആദ്യ ഇന്നിങ്സിൽ നാലു വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന് ഈ ടെസ്റ്റിൽ ആകെ ഏഴു വിക്കറ്റുകൾ. കുൽദീപ് യാദവിനു രണ്ടും വാഷിങ്ടൻ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്.
ടാഗ്‌നരെയ്ൻ ചന്ദർപോൾ (8), ബ്രാണ്ടൻ കിങ് (5), റോസ്റ്റൻ ചെയ്സ് (1), ഷായ് ഹോപ് (1) എന്നിവരാണ് മറ്റ് വിൻഡീസ് താരങ്ങൾ രണ്ടാം ഇന്നിങ്സിൽ വീഴ്ത്തിയത്.
മുൻദിനം ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ ടീമിന്റെ ഇന്നിങ്സ് ഭീമമായ ലീഡ് നേടി. കെ.എൽ. രാഹുൽ (100), ധ്രുവ് ജുറേൽ (125), രവീന്ദ്ര ജഡേജ (104 നോട്ടൗട്ട്)
എന്നിവരുടെ സെഞ്ചറികളാൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 448 എന്ന നിലയിലായിരുന്നു ഇന്ത്യ.
മൂന്നാം ദിവസം തുടക്കത്തിൽ തന്നെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇതോടെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 286 റൺസ് ലീഡ് ലഭിച്ചു.
ജെയ്ഡൻ സീൽസ് രണ്ടാം ദിനത്തിന്റെ ആദ്യ ഓവറിൽ രണ്ടുതവണ രാഹുലിന്റെ ബാറ്റിന്റെ എഡ്ജ് എടുത്തെങ്കിലും ഭാഗ്യം ഇന്ത്യൻ ഓപ്പണർക്കൊപ്പം നിന്നു.
തുടർന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം (50) ചേർന്ന് ഇന്ത്യയുടെ ഇന്നിങ്സ് ഉറപ്പിച്ചു. രാഹുൽ തന്റെ ക്ലാസിക് ശൈലിയിൽ റൺസ് നേടി, ഗിൽ അൽപം ആക്രമണാത്മകമായ ബാറ്റിംഗിലൂടെ സ്കോർബോർഡ് നീക്കി.
റോസ്റ്റൻ ചെയ്സിനെതിരെ റിവേഴ്സ് സ്വീപ്പ് ശ്രമിച്ച ഗിൽ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്തായെങ്കിലും രാഹുൽ റൺസിന്റെ വേഗം നിലനിർത്തി.
മധ്യനിരയിലെ തൂണായി രവീന്ദ്ര ജഡേജ വീണ്ടും തന്റെ മികവ് തെളിയിച്ചു. സ്പിന്നർമാരെ നേരിട്ട് ആക്രമിച്ചു കളിച്ചും പേസർമാരെ ഗ്രൗണ്ട് ഷോട്ടുകളിലൂടെ നേരിട്ടും ജഡേജ ഇന്ത്യയുടെ ഇന്നിങ്സ് അനായാസം മുന്നോട്ടു നയിച്ചു.
5 സിക്സും 6 ഫോറും അടിച്ചാണ് ജഡേജ തന്റെ ആറാമത്തെ ടെസ്റ്റ് സെഞ്ചറി നേടിയത്. മൂന്നാം സെഷനിൽ ഇന്ത്യ 32 ഓവറിൽ 122 റൺസ് നേടി സ്കോർ ഉയർത്തി.
ഈ വർഷം മൂന്നാം തവണയാണ് ഒരു ടെസ്റ്റ് ഇന്നിങ്സിൽ മൂന്ന് ഇന്ത്യൻ ബാറ്റർമാർ സെഞ്ചറി നേടുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിലെ ലീഡ്സ് ടെസ്റ്റിൽ യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവർ സെഞ്ചറി നേടിയപ്പോൾ മാഞ്ചസ്റ്ററിൽ ഗിൽ, ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവർ മൂന്നക്കം കടന്നിരുന്നു.
അഹമ്മദാബാദ് ടെസ്റ്റിൽ രാഹുൽ, ജുറേൽ, ജഡേജ എന്നിവർ ഈ നേട്ടം ആവർത്തിച്ചു.
വെസ്റ്റിൻഡീസ് ആദ്യ ഇന്നിങ്സിൽ വെറും 162 റൺസിനാണ് പുറത്തായത്. അതിന്റെ ഇരട്ടിയിലധികം ലീഡെടുത്ത ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിങ്സിലും വിൻഡീസ് ബാറ്റിംഗ് തകർന്നടിഞ്ഞു.
ഇതോടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1–0 മുന്നിൽ.
English Summary:
India defeated West Indies by an innings and 140 runs in the first Test at Ahmedabad. Ravindra Jadeja and Mohammed Siraj led the bowling attack as India wrapped up the visitors for just 146 in their second innings after three Indian batsmen — KL Rahul, Dhruv Jurel, and Ravindra Jadeja — scored centuries in the first innings.