കാൻസർ രോഗിയായ കുട്ടി അടക്കം പെരുവഴിയിൽ
തിരുവനന്തപുരം: വീട്ടുകാരെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത് പൂട്ടി സ്വകാര്യ ധനമിടപാട് സ്ഥാപനം. കാന്‍സര്‍ ബാധിച്ച കുട്ടി ഉള്‍പ്പെടുന്ന കുടുംബമാണ് പെരുവഴിയിലായത്.
തിരുവനന്തപുരം വിതുര കൊപ്പം സ്വദേശി സന്ദീപിന്റെ വീടാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനം ഇന്ന് ഉച്ചയോടെ ജപ്തി ചെയ്തത്.
ഇതോടെ കാന്‍സര്‍ ബാധിച്ച കുട്ടിയുടെ മരുന്ന് അടക്കം വീടിനുള്ളിലായെന്ന് കുടുംബം പരാതിപ്പെട്ടു. തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി പൂട്ട് തകര്‍ത്ത് ആണ് വീട്ടുകാരെ അകത്ത് കയറ്റിയത്.
2019 ലാണ് സന്ദീപ് ധനകാര്യസ്ഥാപനത്തില്‍ നിന്ന് 40 ലക്ഷത്തിലേറെ രൂപ വായ്പയെടുത്ത് കട തുടങ്ങിയത്. എന്നാൽ കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞതോടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായി.
പലിശ മാത്രമായി 10 ലക്ഷം രൂപയോളം ബാങ്കിന് നല്‍കാനുണ്ട്. ഇതിനിടയില്‍ 10 വയസ്സുള്ള മകനു ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ചികിത്സാച്ചെലവ് ഉള്‍പ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം.
വീട് വിറ്റ് പണം തിരിച്ചടയ്ക്കാമെന്ന് സന്ദീപ് പറഞ്ഞെങ്കിലും അതു കേൾക്കാതെ ധനകാര്യസ്ഥാപനം ജപ്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധി മൂലമാണ് വായ്പാ തിരിച്ചടവ് വൈകിയതെന്ന് സന്ദീപ് പറയുന്നു. ‘‘കോവിഡ് ആയപ്പോള്‍ കടയില്‍ കച്ചവടം കുറഞ്ഞു. അതിനിടെയാണ് കുഞ്ഞിന് അസുഖം വന്ന് ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നത്.
ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ നില്‍ക്കേണ്ടി വന്നതിനാല്‍ തന്നെ പിന്നെ കട തുറക്കാന്‍ പറ്റിയില്ല. പിന്നീട് കുറച്ചു പണം തിരിച്ചടച്ചു. എന്നാൽ ബാങ്കിനോടു കൂടുതല്‍ സമയം ചോദിച്ചെങ്കിലും കിട്ടിയില്ല.
കുഞ്ഞിനെ വേറെ ഒരിടത്തും കൊണ്ടുപോയി കിടത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഇപ്പോഴും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി സാവകാശം വേണം.
കുഞ്ഞിന്റെ അവസ്ഥയാണ് പ്രധാനപ്പെട്ടത്. ബാധ്യത തീര്‍ക്കാന്‍ ആറു മാസം കൂടിയെങ്കിലും സമയം കിട്ടണം’’ – എന്നും സന്ദീപ് പറഞ്ഞു.
ഉച്ചയ്ക്ക് ഊണു കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അതു പൂര്‍ത്തിയാക്കാന്‍ പോലും തയാറാകാതെയാണ് ധനകാര്യസ്ഥാപനം വീട് പൂട്ടി കൊണ്ടുപോയതെന്ന് സ്ഥലത്തെത്തിയ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.
വീട്ടിൽ നിന്ന് കുഞ്ഞിന്റെ മരുന്നുപോലും എടുക്കാന്‍ സമ്മതിച്ചില്ല. ഓരോ മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന്റെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കേണ്ടതുണ്ട്. അതിന്റെ ഉപകരണം പോലും എടുക്കാന്‍ അനുവദിച്ചില്ല.
വിവരം അറിഞ്ഞ് ഞങ്ങള്‍ എത്തിയപ്പോള്‍ കുടുംബം വരാന്തയില്‍ ഇരിക്കുകയായിരുന്നു. വായ്പ ഉണ്ടെന്നു പറഞ്ഞ് രോഗിയായ കുഞ്ഞിനെ ഉള്‍പ്പെടെ പുറത്തിറക്കി വിടുന്നത് അനുവദിക്കാന്‍ കഴിയില്ല.
മനുഷ്യത്വപരമായി ചിന്തിക്കാന്‍ ധനകാര്യ സ്ഥാപനം തയാറാകണം. കുടുംബത്തിന് ആവശ്യമായ സംരക്ഷണം പാര്‍ട്ടി നല്‍കുമെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു.
Summary: A private financial institution foreclosed on the house, evicting the family. The family, including a child suffering from cancer, was in trouble.









