കാട്ടാനയുടെ ചവിട്ടേറ്റു; യുവാവിന് ഗുരുതര പരിക്ക്
തിരുവനന്തപുരം: സ്കൂട്ടറിൽ പോകുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം പാലോട് ആണ് സംഭവം. പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 6.45ഓടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ മുല്ലച്ചൽ പിപ്പാവാലിയ്ക്ക് സമീപത്തുവെച്ചാണ് സംഭവം.
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാന സ്കൂട്ടര്‍ മറിച്ചിടുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ജിതേന്ദ്രനെ കാട്ടാന ചവിട്ടി പരിക്കേൽപിച്ചു.
ആക്രമണത്തിൽ ജിതേന്ദ്രന്‍റെ വാരിയെല്ലിന് പൊട്ടൽ സംഭവിച്ചു. ആക്രമണം നടന്ന ഉടൻ തന്നെ ജിതേന്ദ്രനെ പാലോട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാറ്റി.
ഈ മേഖലയിൽ ഒറ്റയാൻ കാട്ടാനയുണ്ട്. ഇടയ്ക്ക് ജനവാസ മേഖലയിൽ ഇറങ്ങാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.
ചേകാടിയിലെ സ്‌കൂളിലെത്തിയ കുട്ടിയാന ചരിഞ്ഞു
കല്‍പ്പറ്റ: വയനാട്ടിലെ വനഗ്രാമമായ ചേകാടിയിലെ സ്‌കൂളിലെത്തിയ കുട്ടിയാന ചരിഞ്ഞു. അണുബാധയെ തുടർന്നാണ് ആനക്കുട്ടി ചരിഞ്ഞത്.
കഴിഞ്ഞ മാസം പതിനെട്ടിനു സ്കൂളിലെത്തിയ കുട്ടിയാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സ്‌കൂളില്‍ പഠനം നടന്നുകൊണ്ടിരിക്കെ മുറ്റത്തും വരാന്തയിലും ക്ലാസ് മുറികളിലുമെത്തിയ ആനക്കുട്ടി അന്ന് ഏവരിലും കൗതുകമുണർത്തി.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കുട്ടിയാനയെ പിടികൂടി വെട്ടത്തൂര്‍ വനമേഖലയിലേക്ക് മാറ്റിയത്.
എന്നാല്‍ കാട്ടാനകള്‍ ആനക്കുട്ടിയെ ഒപ്പം കൂട്ടാന്‍ തയ്യാറായില്ല. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കാട്ടിലാക്കിയ ആനക്കുട്ടി പിന്നീട് കബനിപ്പുഴ മുറിച്ചു കടന്ന് നേരെ കര്‍ണാടകയുടെ ബൈരക്കുപ്പ പഞ്ചായത്ത് പരിധിയിലെ വനപ്രദേശങ്ങളിലേക്ക് എത്തി.
ഇവിടെ കടഗദ്ദ എന്ന പ്രദേശത്ത് നിന്ന് പരിക്കേറ്റ നിലയില്‍ ആനക്കുട്ടിയെ പ്രദേശവാസികള്‍ ആണ് കര്‍ണാടക വനംവകുപ്പിന് കൈമാറിയത്.
തുടര്‍ന്ന് നാഗര്‍ഹോള ടൈഗര്‍ റിസര്‍വിനകത്ത് സ്ഥിതി ചെയ്യുന്ന ആനപരിപാലന കേന്ദ്രത്തിലേക്കാണ് കുട്ടിയാനയെ കൊണ്ടുപോയത്.
അണുബാധയെ തുടര്‍ന്നുള്ള അവശതക്ക് പിന്നാലെ ചരിയുകയായിരുന്നു. പരിക്കേറ്റതിനാലും കുഞ്ഞായതിനും തന്നെ കട്ടിയുള്ള ആഹാരങ്ങളൊന്നും നല്‍കാന്‍ കഴിയുമായിരുന്നില്ല.
ഒരുമാസമായി ആട്ടിന്‍പാലും മറ്റും നല്‍കി പരിചരിക്കുകയായിരുന്നു.
Summary: A man was seriously injured after being attacked by a wild elephant while traveling on a scooter in Palode, Thiruvananthapuram. \









