പാലക്കാട്ടെ മീരയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: പുതുപ്പരിയാരത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് മാട്ടുമന്ത ചോളോട് സ്വദേശി മീര (29 )യുടെ ഭർത്താവ് പൂച്ചിറ സ്വദേശി അനൂപിനെ ഹേമാംബിക നഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
അനൂപിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ പത്താം തീയതിയാണ് മീരയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്.
പതിവായി മദ്യപിച്ചെത്തുന്ന അനൂപ് മീരയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടേയും രണ്ടാം വിവാഹം കഴിഞ്ഞത്.
മരിക്കുന്നതിന് തലേന്ന് ഭര്‍ത്താവുമായി പിണങ്ങിയ മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാല്‍ രാത്രി അനൂപ് തന്നെ എത്തി മീരയെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് മീരയുടെ മരണവാര്‍ത്തയാണ് വീട്ടുകാര്‍ കേള്‍ക്കുന്നത്.
ആദ്യ വിവാഹത്തില്‍ മീരയ്ക്ക് ഒരു കുട്ടിയുണ്ട്. ഈ കുട്ടിയെ അനൂപ് പരിഗണിക്കുന്നില്ലെന്ന് മീരയ്ക്ക് നിരന്തരം പരാതിയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കം നടക്കാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.
അനൂപിന്റെ നിരന്തര മര്‍ദ്ദനമാണ് മീരയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും ആണ് വീട്ടുകാരുടെ ആരോപണം.
കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച് അധ്യാപിക
കൊല്ലം: ക്ലാസ്മുറിയിലെ ഡസ്‌കില്‍ തലവച്ച് മയങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. കൊല്ലം കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലാണ് സംഭവം.
തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ അടിച്ചത്.
മർദനം നടക്കുന്നതിന്റെ തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്.
ഇതേ തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം കുട്ടി ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയി. ഈ സമയം ക്ലാസിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയേറ്റതിനെ തുടർന്ന് തലയ്ക്ക് തരിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാൽ ഞായറാഴ്ച്ച വൈകീട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു.
ഇതോടെ ഭയന്ന പെണ്‍കുട്ടി അധ്യാപിക ഉപദ്രവിച്ച കാര്യം വീട്ടില്‍ അറിയിച്ചു. ഇതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തലയ്ക്കകത്ത് രക്തശ്രാവമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നാല് ദിവസം പൂര്‍ണ വിശ്രമം ആവശ്യമാണെന്നും ആണ് ചികിത്സിച്ച ഡോക്ടര്‍മാർ പറഞ്ഞത്.
സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: Palakkad suicide case: Woman Meera (29) found dead in Pudupariyaram. Husband Anoop arrested by Hemambika Nagar Police in connection with the incident.