ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം
ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം. ആലപ്പുഴ ചേർത്തലയിലാണ് അപകടമുണ്ടായത്. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ചേർത്തലയിൽ നിന്നും അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ച ശേഷമാണ് ഡ്രൈവറേയും കണ്ടക്ടറേയും പുറത്തെടുക്കാനായത്. അപകടത്തിൽ സാരമായി പരിക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
ചൊവ്വാഴ്ച പുലർച്ചെ 4-30 ഓടെയായിരുന്നു അപകടമുണ്ടായത്. ദേശീയപാതയിൽ ഹൈവേപാലത്തിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ രണ്ടാംഘട്ട ഭാഗത്ത് കമ്പികളിൽ ബസ് ഇടിച്ചുകയറുകയായിരുന്നു.
വാഹനങ്ങൾ തിരിച്ചുവിടുന്ന സിഗ്നൽ ഡ്രൈവർ കാണാതെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവർ ശ്രീരാജിന്റെയും കണ്ടക്ടർ സുജിത്തിന്റെയും നില ഗുരുതരമാണ്.
ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് മരണം
കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര നീലേശ്വരത്താണ് ദാരുണമായ അപകടം നടന്നത്.
പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കല്‍ സ്വദേശി വിജില്‍, തിരുവനന്തപുരം സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര അമ്പലത്തുംകാല റോഡില്‍ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. എതിര്‍ ദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. നീലേശ്വരത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ബൈക്ക് എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിരിക്കുകയായിരുന്നു.
മൂന്ന് പേര്‍ അപകട സ്ഥലത്തുവച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ അക്ഷയ് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂൾ ബസ് മറിഞ്ഞ് അപകടം
തിരുവനന്തപുരം: കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. 20-ലധികം കുട്ടികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ വിദ്യാർഥികളെ കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ നിർത്തിയ ബസ് പുറകിലേക്ക് നീങ്ങി മറിയുകയായിരുന്നു. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞെതെന്നാണ് വിവരം.
അപകടത്തെക്കുറിച്ചും പരിക്കേറ്റ കുട്ടികളുടെ ആരോഗ്യ നിലയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Summary: In Alappuzha Cherthala, a KSRTC Swift bus rammed into a national highway underpass, injuring 27 people including the driver and conductor.