അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജി മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ അടക്കം ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേർ മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ നൽകുന്ന സ്ഥിരീകരണം.
എന്നാൽ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. 12പേരുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന സംശയമാണെന്നാണ് അധികൃതരുടെ വാദം.
18പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്റെ കണക്കിൽ പറയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം
കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ എന്ന മൂക്കില്‍ നിന്ന് വെള്ളമൊലിക്കുന്ന അസുഖമുള്ളവരില്‍ അമീബിക് മസ്തിഷ്ക ജ്വരം എളുപ്പത്തിൽ പിടിപെടാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സ തേടിയവരില്‍ മൂന്നുപേര്‍ക്ക് സിഎസ്എഫ് റൈനോറിയ ഉള്ളവരാണ്.
രോഗം ബാധിച്ച് മരിച്ച സ്ത്രീക്കും ഇതേ രോഗാവസ്ഥയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന സ്രവത്തില്‍നിന്ന് വ്യത്യസ്തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് സിഎസ്എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക. എന്നാൽ തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല.
മൂക്കിനുള്ളില്‍ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ് എന്നറിയപ്പെടുന്നത്. ദുര്‍ബലമായ ഈ ഭാഗം പൊട്ടുന്നതു വഴിയാണ് സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ് പുറത്തേക്ക് ഒഴുകും.
ഇതുവഴി അമീബ പോലുള്ള അണുക്കള്‍ എളുപ്പത്തില്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേല്‍ക്കുന്നവരില്‍ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ വരാന്‍ സാധ്യത ഏറെയാണ്. ഇതുള്ളവരില്‍ മെനിഞ്ചൈറ്റിസ് വരാനും സാധ്യതയുണ്ട്.
ഇത്തരം അസുഖമുള്ളവര്‍ ചികിത്സ തേടി ശസ്ത്രക്രിയയിലൂടെ ക്രിബ്രിഫോം പ്ലേറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
Summary: Kerala reports another death due to amoebic meningoencephalitis. Shaji (47), a native of Chelambra, Malappuram, succumbed to the rare infection.









