പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഐതിഹാസിക തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ ഇപ്പോൾ സമ്മേളിക്കുന്നത് ചെറിയ കാലത്തേക്കാണ്, എന്നാൽ വലിയ കാര്യങ്ങൾ ഈ കാലയളവിൽ നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ മന്ദിരത്തിൽ നിന്നും വികസിത ഇന്ത്യയിലേക്കുള്ള യാത്ര തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ഇന്ത്യയ്ക്ക് പകരം ഭാരത് ആവർത്തിക്കാനും പ്രധാനമന്ത്രി മറന്നില്ല. പാർലമെന്റിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി. ലോകം ഇന്ത്യയെ പുകഴ്ത്തുകയാണ്. ത്രിവർണ പതാക ചന്ദ്രനിൽ പറക്കുന്നു, ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ ഭാഗമാണെന്നും രാജ്യമെങ്ങും പുതിയ ആത്മവിശ്വാസമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജി20 സമ്മേളനത്തിൽ രാജ്യത്തിന്റെ വൈവിധ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സാധിച്ചതായി മോദി പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറാൻ നമുക്ക് സാധിച്ചു. ആഫ്രിക്കൻ യൂണിയന് ജി20ൽ അംഗത്വം ലഭിച്ചു. ഐകകണ്‌ഠേന ലോകരാജ്യങ്ങൾ പ്രമേയം പാസാക്കി. ജി20 യിൽ പൂർത്തീകരിക്കാൻ സാധിച്ച എല്ലാകാര്യങ്ങളും രാജ്യത്തിന്റെ ശോഭനമായ ഭാവിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി സഭാസമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.