മൂന്നാര്‍: ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്റെ മാര്‍ഗം സ്വീകരിച്ച് പടയപ്പയും. ജനവാസ മേഖലയായ മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലായിരുന്നു ഒറ്റയാന്‍ പടയപ്പയുടെ പരാക്രമം. ലയങ്ങളുടെ സമീപമുള്ള റേഷന്‍ കടയിലെ അരിചാക്കുകള്‍ വലിച്ച് പുറത്തിട്ട പടയപ്പയെ നാട്ടുകാരാണ് വിരട്ടിയോടിച്ചത്. ജനവാസ മേഖലയില്‍ ഇറങ്ങിയ പടയപ്പ പാമ്പന്‍മല ഭാഗത്തെ വിളയാട്ടത്തിന് പിന്നാലെ തിരികെ മൂന്നാര്‍ ഭാഗത്തേക്ക് പോയി. നേരത്തെ പ്രധാന പാതകളില്‍ എത്തി ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതായിരുന്നു പടയപ്പയുടെ പതിവ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നാര്‍ ഉദുമല്‍പേട്ട് അന്തര്‍ സംസ്ഥാന പാതയിലെ റോഡിലിറങ്ങിയാണ് ഒടുവിലായി ഒറ്റയാന്‍ പടയപ്പ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്. ഒന്നര മാസത്തിനുശേഷമായിരുന്നു പടയപ്പയുടെ ഈ വികൃതി. ഒറ്റനോട്ടത്തില്‍ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറയൂരിന് സമീപം ജനവാസ മേഖലയില്‍ ഒന്നര മാസത്തോളം കഴിഞ്ഞ ശേഷമാണ് പടയപ്പയുടെ മുന്നാറിലേക്കുള്ള മടങ്ങിയെത്തുന്നത്. ഏതാനും ദിവസങ്ങളായി പെരിയവര എസ്റ്റേറ്റിന് സമീപം മുന്നാര്‍ ഉദുമല്‍പേട്ട് സംസ്ഥാന പാതക്കരികെയുണ്ട് ഈ ഒറ്റയാന്‍. വനം വകുപ്പിന്റെ ആര്‍ ആര്‍ട്ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ട്.
ദേശീയ പാതയിലേക്കിറങ്ങുന്നത് തടയുകയാണ് ഇവരുടെ പ്രധാന കടമ. ആന ഉപദ്രവിക്കാറില്ലെങ്കിലും മുന്നില്‍ പെടാതെ ശ്രദ്ധിക്കണമെന്നാണ് പ്രദേശവാസികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഓഗസ്റ്റ് ആദ്യ വാരത്തില്‍ തലയാര്‍, പാമ്പന്‍ മല മേഖലയെ പടയപ്പ വിറപ്പിച്ചിരുന്നു. വാഗുവരൈ ഫാക്ടറി ഡിവിഷനിലെ ലയങ്ങള്‍ക്ക് മുന്നിലൂടെ നടന്ന് നാട്ടുകാരെ ഭയപ്പെടുത്തിയ പടയപ്പ പരിസരത്തെ കൃഷിയിടത്തിലെ വാഴകള്‍ പിഴുത് നശിപ്പിച്ചിരുന്നു.
Also Read: ജയസൂര്യയുടെ പുതിയ തിരക്കഥയും പൊട്ടി പോയി; നടനെതിരെ സഭയിൽ കൃഷിമന്ത്രി