ആദ്യം റോഡ് പണി, എന്നിട്ടാകാം ടോൾ…പാലിയേക്കരയിൽ തൽക്കാലം ടോൾ പിരിവില്ല; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സർവീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് ടോൾ പിരിവിന് ഏർപ്പെടുത്തിയ നിരോധനം അടുത്തമാസം ഒമ്പതു വരെ ഹൈക്കോടതി നീട്ടി.
സർവീസ് റോഡുകൾ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച്എഐ കോടതിയെ സമീപിച്ചത്. ഇതിനായി ഏതാനും ചിത്രങ്ങളും സമർപ്പിച്ചിരുന്നു. എന്നാൽ റോഡ് നിർമ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സർവീസ് റോഡുകൾ ഇതുവരെയും പൂർണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ ഓണക്കാലത്ത് കൂടുതൽ വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായേക്കുമെന്നും, റോഡുകളുടെ അറ്റകുറ്റപ്പണി പൂർണമായി തീർത്താലേ ടോൾ പരിക്കാൻ അനുവദിക്കാവൂ എന്നും മൂന്നംഗ സമിതി നിർദേശിച്ചു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സർവീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകിയത്. സമിതിയുടെ വാദം മുഖവിലക്കെടുത്തുകൊണ്ടാണ് ദേശീയ പാത അതോറിറ്റിയുടെ ആവശ്യം കോടതി നിരാകരിച്ചത്.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിവിന് അനുമതി നിഷേധിച്ചത്. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്നംഗ സമിതി വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ഒരു റിപ്പോർട്ട് കൂടി സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതോടെ ഓണക്കാലത്ത് ടോൾപിരിവ് നടത്താനുള്ള ദേശീയപാതാ അതോറിറ്റിയുടേയും കരാർ കമ്പനിക്കാരുടേയും നീക്കമാണ് പാളിയത്. സെപ്റ്റംബർ ഒമ്പതിനാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുക.
പാലിയേക്കര ടോൾ പിരിവ്; ദേശീയ അതോറിറ്റിയുടെ അപ്പീൽ സുപ്രിം കോടതി തള്ളി
ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ദേശീയ അതോറിറ്റിക്ക് തിരിച്ചടി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി നൽകിയ അപ്പീൽ സുപ്രിം കോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. പൗരന്മാരുടെ ദുരവസ്ഥയിലാണ് തങ്ങൾക്ക് ആശങ്കയെന്ന് കോടതി ചൂണ്ടിക്കാട്ടി.
പാലിയേക്കര ടോൾ പ്ലാസയിൽ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയാണ് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സുപ്രീം കോടതി അപ്പീൽ നൽകിയത്. റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി നേരത്തെയും വിമർശിച്ചിരുന്നു. കഴിഞ്ഞദിവസം 12 മണിക്കൂർ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി. മോശം റോഡിന് എന്തിന് ടോൾ നൽകണം എന്ന് സുപ്രീംകോടതി ചോദിച്ചു.
എന്നാൽ മൺസൂൺ കാരണം അറ്റകുറ്റപ്പണി നടന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ടോൾ തുക എത്രയെന്നും കോടതി ചോദിച്ചു. 150 രൂപയാണ് ടോൾ എന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.
ENGLISH SUMMARY:
Kerala High Court rejected NHAI’s request to resume toll collection at Paliyekkara, citing incomplete service road works. A three-member panel reported that permanent solutions were not implemented. The ban is extended until September 9.