സർക്കാർ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു
തിരുവനന്തപുരം: ഈ വർഷം ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ജീവനക്കാർക്ക് ബോണസ് ലഭിക്കുക.
ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. കൂടാതെ സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ധിപ്പിച്ച് 1250 രൂപയാക്കി വർധിപ്പിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത നൽകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ നൽകും.
പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വര്‍ധിപ്പിച്ചിട്ടുണ്ട്.
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. ഓണക്കിറ്റ് വിതരത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും.
15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുക. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും.
അതേസമയം എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തുണി സഞ്ചിയും 15 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് എന്നിവ അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ വഴി അർഹരായ കാർഡുടമകൾക്ക് വിതരണം ചെയ്യാനുമാണ് തീരുമാനം.
സെപ്റ്റംബർ നാലിന് കിറ്റ് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്.
അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.
ഓണക്കിറ്റിലുള്ള സാധനങ്ങളും അളവും
പഞ്ചസാര ഒരു കി.ഗ്രാം
ഉപ്പ് ഒരു കിലോഗ്രാം
വെളിച്ചെണ്ണ 500 മി. ലിറ്റർ
തുവരപരിപ്പ് 250 ഗ്രാം
ചെറുപയർ പരിപ്പ് 250 ഗ്രാം
വൻപയർ 250 ഗ്രാം
ശബരി തേയില 250 ഗ്രാം
പായസം മിക്സ് 200 ഗ്രാം
മല്ലിപ്പൊടി 100 ഗ്രാം
മഞ്ഞൾപൊടി 100 ഗ്രാം
സാമ്പാർ പൊടി 100 ഗ്രാം
മുളക് പൊടി 100 ഗ്രാം
നെയ്യ് (മിൽമ) 50 മില്ലി ലിറ്റർ
കശുവണ്ടി 50 ഗ്രാം
Summary: This year, the government has raised the Onam bonus for employees and teachers by ₹500, bringing the total bonus amount to ₹4500.