വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്തു
കാസർകോട്: കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരന്റെ കർണ്ണപടം പൊട്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഹെഡ്മാസ്റ്റർ എം അശോകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകൾ ചേര്‍ത്താണ് അശോകനെതിരെ ബേഡകം പൊലീസ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും.
അതേസമയം സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ കഴിഞ്ഞ ദിവസം കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ എം അശോകന്റെയും പരിക്കേറ്റ വിദ്യാർത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
വിദ്യാർത്ഥിയുടെ കർണപടം പ്രധാനാധ്യാപകൻ അടിച്ച് പൊട്ടിച്ചു
കാസര്‍കോട്: വിദ്യാര്‍ത്ഥിയെ ഹെഡ്മാസ്റ്റർ ക്രൂരമായി മർദിച്ചെന്ന് പരാതി. കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മർദനത്തിനിരയായത്.
ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു എന്നാണ് പരാതി. അസംബ്ലിയിൽ നിൽക്കുന്ന സമയത്ത് ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണം പറഞ്ഞാണ് കുട്ടിയെ അടിച്ചത്.
അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ മുന്നിലേക്ക് വിളിച്ച ശേഷം വിദ്യാർത്ഥികളുടെയെല്ലാം മുന്നിൽ വച്ച് കോളറിൽ പിടിച്ചുവെന്നും ചെവി അടക്കി മുഖത്ത് അടിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.
മർദനത്തിൽ ചെവിയുടെ കർണപടം പൊട്ടിയ 15 വയസുകാരൻ നിലവില്‍ ചികിത്സയിലാണ്. കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി കുട്ടിയുടെ അമ്മ പറയുന്നു.
പിടിഎ പ്രസിഡന്‍റും അധ്യാപകരും ഒത്ത് തീർപ്പിന് സമീപിച്ചുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും അമ്മ കൂട്ടിച്ചേർത്തു.
എന്നാല്‍ കുട്ടിയെ അടിച്ചിട്ടില്ലെന്നാണ് പ്രധാനാധ്യാപകന്റെ വാദം. കുട്ടി അസംബ്ലിയിൽ അച്ചടക്കമില്ലാതെ പെരുമാറിയതിനാൽ വിളിച്ച് ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹെഡ്മാസ്റ്റര്‍ അശോകന്റെ വിശദീകരണം.
മാതാപിതാക്കൾ പറയുന്നത് തെറ്റാണോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് ഹെഡ്മാസ്റ്റർ നൽകിയ മറുപടി.
Summary: Police have registered a case against headmaster M. Ashokan under non-bailable sections for allegedly rupturing the eardrum of a 10th class student at Kundamkuzhi School, Kasaragod.









