പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
തൃശൂർ: പീച്ചി ഡാമിന്റെ ഷട്ടറുകൾ നാളെ ഉയർത്തുമെന്ന് അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയെ തുടർന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.
ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലവിൽ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകൾ നാളെ രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തി അഞ്ച് ഇഞ്ചാക്കി ഉയർത്തുമെന്ന് പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതോടെ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതിൽ നിന്ന് പരമാവധി 20 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും ആണ്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ചയും(17-08-2025) തിങ്കളാഴ്ചയും(18-08-2025) ഓറഞ്ച് അലേർട്ടാണ്. ചൊവ്വാഴ്ച (19-08-2025) കാസർകോട് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഞായറാഴ്ചയും(17-08-2025), മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും (18-08-2025),
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ചയും (19-08-2025), കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ചയും (20-08-2025) കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Summary: Authorities have announced that the shutters of Peechi Dam in Thrissur will be raised tomorrow due to the increased inflow of water following continuous heavy rains over the past few days.