നാളത്തെ ഗുരുവായൂർ ദേവസ്വം പൊതു പരീക്ഷകളിൽ മാറ്റം; അറിയിപ്പ് ഇങ്ങനെ
തൃശ്ശൂർ: നാളെ (ആഗസ്റ്റ് 10ന്) നടത്താൻ നിശ്ചയിച്ചിരുന്ന കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷകളിൽ മാറ്റം വരുത്തിയതായി അറിയിപ്പ്. തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ ആണ് മാറ്റം വരുത്തിയത്.
ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025), അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്നീ തസ്തികകളിലേക്കുള്ള പൊതു പരീക്ഷ അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്ന തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ പരിമിതപ്പെടുത്തിയതായാണ് അറിയിപ്പ്. അന്ന് ഉച്ച കഴിഞ്ഞ് 01.30 മുതൽ 03.15 വരെ നടത്തുന്ന പൊതു പരീക്ഷയിൽ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്ക് മാത്രം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ പങ്കെടുക്കേണ്ടതില്ല.
ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്കുള്ള പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും. ഈ തസ്തികയോടൊപ്പം ഒ.എം.ആർ പരീക്ഷ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) തസ്തികയിലേയ്ക്കുള്ള പരീക്ഷയിൽ മാറ്റമില്ല എന്നും അറിയിപ്പിൽ പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രസാദ ഊട്ടിന് ഭക്തര്‍ക്ക് ഇനി ഷര്‍ട്ട് ധരിക്കാം; ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ തീരുമാനങ്ങൾ
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളിൽ പ്രസാദ ഊട്ട് കഴിക്കാനായി ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാനൊരുങ്ങി ദേവസ്വം ഭരണസമിതി. ഇതോടെ ഭക്തരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നത്.
ക്ഷേത്രം പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കാനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ ആണ് തീരുമാനം.
കൂടാതെ പ്രസാദ ഊട്ട് വിളമ്പുന്നവര്‍ തൊപ്പിയും ഗ്ലൗസും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം എന്നു മുതലാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ ഷര്‍ട്ട് അഴിച്ചു വേണം പ്രസാദ ഊട്ടിനായി പ്രവേശിക്കാന്‍ എന്നതാണ് നിലവിലെ രീതി. വളരെക്കാലമായി ഈ രീതിയാണ് നിലനിന്ന് പോരുന്നത്. ഭക്തരോട് ഷര്‍ട്ട് ഊരിമാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത് പലപ്പോഴും തർക്കങ്ങൾക്ക് കാരണമാകാറുണ്ട്.
തന്ത്രിയുമായി കൂടിയാലോചിച്ച തീരുമാനം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും ഇപ്പോള്‍ ഷര്‍ട്ട് ഊരിമാറ്റാന്‍ ആവശ്യപ്പെടുന്നില്ല. ജൂണ്‍ മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നത്.
കൂടാതെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം വീതികൂട്ടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം ഇടുങ്ങിയതായതിനാല്‍ തന്നെ ദര്‍ശനത്തിനുള്ള ക്യൂ ശ്രീകോവിലിനു മുന്നിലുള്ള ഇടനാഴിയിലെത്തുമ്പോള്‍ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്.
ക്ഷേത്രത്തിനുള്ളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാനേജ്മെന്റ് കമ്മിറ്റി പരിശോധിച്ചുവരികയാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ അറിയിച്ചു.
വാസ്തു വിദഗ്ദ്ധനും ജ്യോതിഷിയുമായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രവേശന കവാടത്തിന്റെ വീതികൂട്ടലുമായി ബന്ധപ്പെട്ട വാസ്തു വശങ്ങള്‍ വിശകലനം നടത്തുകയും ചെയ്തിരുന്നു.
‘വീതികൂട്ടല്‍ ജോലികള്‍ക്കായി കാണിപ്പയ്യൂര്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കും. അത് തന്ത്രിയും കമ്മിറ്റിയും അംഗീകരിക്കേണ്ടതുണ്ട്. നിലവില്‍, പ്രവേശന കവാടം വീതികൂട്ടുന്നതില്‍ വാസ്തു ശാസ്ത്രപരമായി എതിര്‍പ്പില്ലെന്നാണ് മനസ്സിലാക്കുന്നത്,’- വി കെ വിജയന്‍ വ്യക്തമാക്കി.
Summary: The Kerala Devaswom Recruitment Board has announced changes to the exams scheduled for August 10 in various centers across Thrissur district.









