ബലാത്സംഗക്കേസ്; പാക് ക്രിക്കറ്റ് താരം ഹൈദര്‍ അലി അറസ്റ്റില്‍, പിടിയിലായത് ഇംഗ്ലണ്ട് പര്യടനത്തിനിടെ
ലണ്ടൻ: ബലാത്സംഗക്കേസില്‍ പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ എ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് 24കാരനായ താരത്തെ അറസ്റ്റ് ചെയ്തത്.
ബലാത്സംഗ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഹൈദര്‍ അലിയെ പാക് ടീമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അതെസമയം ഹൈദര്‍ അലിക്ക് എല്ലാതരത്തിലുള്ള നിയമസഹായവും നല്‍കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
മാഞ്ചസ്റ്ററില്‍ നിന്നുള്ള സ്ത്രീയുടെ പരാതിയിലാണ് താരത്തിനെതിരെ പൊലിസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം 23ന് മാഞ്ചസ്റ്ററിലെ ഒരു വസതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
എന്നാൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഹൈദര്‍ അലിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഗ്രേറ്റര്‍ മാഞ്ചസ്റ്റ്‍ പൊലീസ് യാത്രവിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
പാകിസ്ഥാന്‍ ദേശീയ ടീമിനുവേണ്ടി രണ്ട് ഏകദിനങ്ങളിലും 35 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഹൈദര്‍ അലി. ഇംഗ്ലണ്ട് എ ടീമിനെതിരെ രണ്ട് ത്രിദിന മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്ന പരമ്പരയില്‍ കളിക്കാനായാണ് സൗദ് ഷക്കീലിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ഷഹീന്‍സ് ടീം കഴിഞ്ഞ മാസം ഇംഗ്ലണ്ടിലെത്തിയത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 55ഉം അവസാന ഏകദിനത്തില്‍ 71ഉം റണ്‍സെടുത്ത് ഹൈദര്‍ മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു.
എന്നാൽ കഴിഞ്ഞ നാലു വര്‍ഷമായി പാക് ടീമില്‍ ഇടം ലഭിക്കാതിരുന്ന ഹൈദര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ടി20 ടീമിലും കളിച്ചിട്ടില്ല.
Summary: Pakistan middle-order batter Haider Ali arrested in a rape case during Pakistan A’s England tour. The 24-year-old has been suspended from the team.









