റഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം
മോസ്കോ: റഷ്യയിൽ തീവ്ര ഭൂചലനത്തിന് പിന്നാലെ ക്ല്യൂചെവ്സ്കോയ് അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറി തുടങ്ങിയതായി റഷ്യൻ അക്കാദമി ഓഫ് സയൻസസ് അറിയിച്ചു.
അഗ്നിപർവ്വതം സമുദ്രനിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിൽ വരെ ചാരം പുറപ്പെടുവിച്ചതായാണ് റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ഫാർ ഈസ്റ്റേൺ ബ്രാഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.
1952 ന് ശേഷം കംചത്കയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇന്നലെ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിരുന്നു.
അപകടകരമായ മേഖലകളിലെ തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ നിവാസികളോട് അഭ്യർത്ഥിക്കുകയും കാംചത്ക, സഖാലിൻ ഒബ്ലാസ്റ്റ് എന്നീ രണ്ട് മേഖലകളിലെ സർക്കാരുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,850 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ല്യൂചെവ്‌സ്‌കോയ് ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നിലാണ് ഇപ്പോൾ പൊട്ടിത്തെറിയുണ്ടായത്.
അന്താരാഷ്ട്ര വിമാന പാതകൾ തൊട്ടടുത്തുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നുണ്ടെങ്കിലും, സമീപത്തുള്ള വിമാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചു; ജാഗ്രതയിൽ യു.എസ്
മോസ്‌കോ: റഷ്യയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചതായി റിപ്പോർട്ടുകൾ. ജപ്പാനിലെ ഹോക്കൈഡോയുടെയും റഷ്യയിലെ കുറിൽ ദ്വീപുകളുടെയും തീരങ്ങളിലാണ് സുനാമി തിരകൾ ആഞ്ഞടിച്ചത്.
ഈ മേഖലകളിൽ നിന്നും പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുനാമിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നേരത്തെ ‘8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റഷ്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ജപ്പാനിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ഈ മാസം നിരവധി ചെറുഭൂചലനങ്ങൾ റഷ്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ജപ്പാന്റെ പസഫിക് തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമിക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ അമേരിക്കയിലെ ഹവായിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയിട്ടുണ്ട്.
8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) അറിയിച്ചു. എന്നിരുന്നാലും, ഇന്ത്യയ്‌ക്കോ ഇന്ത്യൻ മഹാസമുദ്രത്തിനോ സുനാമി ഭീഷണി മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല.
റിക്ടർ സ്കെയിലിൽ 8.7; റഷ്യയിൽ ഭൂകമ്പം
മോസ്കോ: റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 8 ആയിരുന്നു ആദ്യം രേഖപ്പെടുത്തിയ തീവ്രത, പിന്നീട് 8.7 ആയി ഉയരുകയായിരുന്നു.
ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ പസഫിക് സമുദ്രത്തിൽ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. അമേരിക്കയ്ക്കും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
റഷ്യയുടെ കിഴക്കൻ തീരത്താണു ഭൂകമ്പമുണ്ടായത്. എന്നാൽ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്.
അലാസ്ക, ഹവായി എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് അമേരിക്കൻ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹവായിയിലും റഷ്യയിലും മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകുമെന്ന് യുഎസ് സുനാമി കേന്ദ്രം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
Summary: Following a major earthquake in Russia, the Klyuchevskoy volcano has erupted, spewing ash up to 3 kilometers above sea level. The eruption was confirmed by the Institute of Volcanology and Seismology under the Far Eastern Branch of the Russian Academy of Sciences.









