മൂന്നിടങ്ങളിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല
മംഗളൂരു: ധർമ്മസ്ഥലയിലെ കൂട്ട സംസ്കാരങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങളിൽ മൂന്നു ഇടങ്ങളിൽ ഖനനം നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. പരാതിക്കാരന്റെ മൊഴിപ്രകാരം, ആദ്യത്തെ മൂന്ന് സ്ഥലങ്ങളിൽ ആറ് മൃതദേഹങ്ങൾ മറവുചെയ്തിട്ടുണ്ടെന്ന് കരുതിയിരുന്നു.
പരാതിക്കാരൻ നൽകിയ കണക്കുകൾ പ്രകാരം,
1 മുതൽ 3 വരെ സ്ഥലങ്ങളിൽ ആകെ 6 മൃതദേഹങ്ങൾ,
4, 5-ാം സ്ഥലങ്ങളിൽ 6 മൃതദേഹങ്ങൾ,
8, 9-ാം സ്ഥലങ്ങളിൽ 7 മൃതദേഹങ്ങൾ,
10-ാം സ്ഥലത്ത് 3,
11-ാം സ്ഥലത്ത് 9,
12-ാം സ്ഥലത്ത് 5,
13-ാം സ്ഥലത്ത് എണ്ണമറ്റ മൃതദേഹങ്ങൾ
എന്നിങ്ങനെയാണ് മറവുചെയ്തിട്ടുള്ളത്. പതിമൂന്നാം സ്ഥലത്തിന് ശേഷം വരുന്ന പ്രദേശം നിബിഡവനമാണ്. അവിടെ നൂറിലേറെ മൃതദേഹങ്ങൾ മറവുചെയ്തിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം.
ബുധനാഴ്ച രാവിലെ 11 മണിക്ക് എസ്ഐടി മൂന്നാം ദിവസത്തെ ഖനനപ്രവർത്തനങ്ങൾ ആരംഭിച്ചു. മഴയും മണലും കാരണം ദുഷ്കരമായ നേത്രാവതി കുളിക്കടവിൽ നിന്നായിരുന്നു ഖനനം തുടങ്ങിയത്. ദിവസാവസാനത്തോടെ മൂന്നു സ്ഥലങ്ങളിൽ കുഴിയെടുത്തു. രാവിലെ 10 മണിക്ക് പരാതിക്കാരൻ തന്റെ അഭിഭാഷകരോടൊപ്പം ബെൽത്തങ്ങാടി എസ്‌ഐടി ഓഫീസിൽ ഹാജരായി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സംഘം സ്ഥലത്തെത്തിയത്.
തുടർന്ന് അന്വേഷണത്തിനും ഖനനത്തിനും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ അനുചേത്, ജിതേന്ദ്ര കുമാർ ദയാമ, എസ്പി സൈമൺ, പുത്തൂർ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസ്, ബെൽത്തങ്ങാടി തഹസിൽദാർ പൃഥ്വി സാനികൻ, കെഎംസി മംഗളൂരുവിലെ മെഡിക്കൽ സംഘം, എഫ്എസ്എൽ വിദഗ്ധർ, ഇന്ത്യൻ സൊസൈറ്റി ഓഫ് ഡൗസേഴ്‌സ് (ISD) പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
രണ്ടാമത്തെ സ്ഥലം മുതൽ വനം വകുപ്പിന്റെ അധികാരപരിധിയിലായതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കാതെ തൊഴിലാളികളിലൂടെ മാത്രം ഖനനം നടത്തുകയാണ്. വൈകുന്നേരം പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ഡിജിപി ഡോ. പ്രണബ് കുമാർ മൊഹന്തി ധർമ്മസ്ഥല നേത്രാവതി കുളിക്കടവിൽ എത്തി ഖനനപ്രവർത്തനം പരിശോധിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷൻ പട്ടികയിൽ ഉൾപ്പെട്ടതിനാൽ എസ്ഐടി തലവനായി തുടരുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. എസ്ഐടി രൂപീകരിച്ച 19 മുതൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് സ്ഥാനമൊഴിയുമെന്ന സൂചനയായാണ് അദ്ദേഹത്തിന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
English Summary :
In the Dharmasthala mass grave case, authorities excavated three of the 13 sites identified by a former sanitation worker, but no human remains were found. Investigation continues.
dharmasthala-mass-grave-excavation-no-remains
Dharmasthala mass graves, Karnataka SIT investigation, human remains excavation, Dharmasthala news, Karnataka crime probe