കണ്ണൂർ∙ കണ്ണൂരിൽ രണ്ടു കുട്ടികളുമായി കിണറ്റിൽച്ചാടി യുവതി. പരിയാരം ചെറുതാഴം ശ്രീസ്ഥയിൽ ആണ് സംഭവം. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണു പ്രാഥമിക വിവരം.
അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്റെ ഭാര്യ ധനഞ്ജയയാണ് (30) രണ്ടുമക്കളുമായി പതിനൊന്നരയോടെ കിണറ്റിൽ ചാടിയത്. ആറ് വയസ്സുള്ള മൂത്ത കുട്ടി ധ്യാൻ കൃഷ്ണയുടെ നില ഗുരുതരമാണ്.
നാലു വയസ്സുകാരി ദേവികയ്ക്കും സാരമായി പരുക്കേറ്റു. നാട്ടുകാരാണ് മൂവരെയും രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ
തൃശ്ശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ഇരുവർക്കും ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗർഭിണിയായിരുന്നു.
ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് ഫസീല ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തിൽ ഗാർഹിക പീഡന ആരോപണവും ബന്ധുക്കൾ ഉന്നയിച്ചു.
ഗർഭിണിയായിരുന്ന സമയത്ത് നൗഫൽ ഫസീലയെ ചവിട്ടിയിരുന്നു എന്നാണ് വിവരം. രണ്ടാമത് ഗർഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരൻ നൗഷാദ് ആരോപിച്ചു.
വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊല്ലം: ഷാര്‍ജയിലെ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം നടത്തുക.
ജൂലൈ 9നാണ് കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചിക, ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിപഞ്ചിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭര്‍തൃകുടുംബത്തില്‍ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങള്‍ പുറം ലോകമറിഞ്ഞത്.
മകളുടെ മരണത്തിൽ നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു.
വിപഞ്ചികയുടെ അമ്മയുടെ പരാതിയില്‍ കുണ്ടറ പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി നൽകിയിരുന്നത്.
തുടര്‍ന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
കേസിന്റെ ഗൗരവം അടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് കുണ്ടറ പൊലീസ് തന്നെ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണം എന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് കൈമാറിയിരുന്നു.
അതിനിടയിലാണ് ഈ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.
Summary:
Kannur: A woman attempted suicide by jumping into a well along with her two children at Cheruthazham, Sreestha in Pariyaram, Kannur. Preliminary reports suggest that family issues led to the suicide attempt.









