ആര്‍ ബിന്ദുവിന്‍റെ സെക്യൂരിറ്റി ഓഫീസര്‍ അന്തരിച്ചു
തൃശൂര്‍: ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലമാണ് മരണം. തൃശൂര്‍ നെടുപുഴയിലെ വനിതാ പോളിടെക്‌നിക്കിനടുത്താണ് താമസം. മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നിരുപാധിക സ്‌നേഹം പങ്കുവച്ച വ്യക്തിയാണ് സന്ദേശ് എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
പൊന്നേംമ്പാറ വീട്ടില്‍ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് പി വി സന്ദേശ്. ഭാര്യ: ജീന എം വി. മക്കള്‍: ഋതുപര്‍ണ്ണ, ഋതിഞ്ജയ്. സഹോദരങ്ങള്‍: സജീവ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), പരേതനായ സനില്‍. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിയ്ക്ക് നടക്കും.
‘കുട്ടീ, ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതൽ തിളങ്ങുകയേ ഉള്ളൂ..’ ; സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ. ആര്‍ ബിന്ദു
കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ അധിക്ഷേപം നേരിട്ട ഗായകന്‍ സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ ആര്‍ ബിന്ദു.വേഷഭൂഷാദികള്‍ കൊണ്ടോ രൂപഭംഗികൊണ്ടോ അല്ല ഒരാളെ അളക്കേണ്ടതെന്ന് അറിയാത്ത അല്പബുദ്ധികള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത് കേരളീയ സമൂഹത്തെ നാണിപ്പിക്കുന്നതാണ്. സന്നിധാനന്ദനെ അധിക്ഷേപിച്ച വാര്‍ത്ത കേട്ടപ്പോള്‍ വേദനയും ധാര്‍മ്മിക രോഷവും തോന്നിയെന്നും ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുളളുവെന്നും സന്നിയുടെ അധ്യാപിക കൂടി ആയിരുന്ന ഡോ ആര്‍ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു.
ഡോ ആര്‍ ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശസ്ത ഗായകൻ സന്നിധാനന്ദനെ ആക്ഷേപിച്ച സംഭവം അറിഞ്ഞ് വളരെയധികം വേദനയും ധാർമിക രോഷവും തോന്നി. അനുഗൃഹീതനായ ഈ ഗായകൻ ഞങ്ങളുടെ കേരളവർമ്മ കോളേജിന്റെ അഭിമാനഭാജനവും ക്യാമ്പസ് സമൂഹത്തിന്റെ ഓമനയുമായിരുന്നു. ജനിക്കുമ്പോൾ ഉണ്ടായിരുന്ന cleft lip എന്ന പരിമിതിയെ മറി കടന്ന് സന്നി സംഗീതലോകത്ത് സ്വന്തമായ ഒരു ഇരിപ്പിടം നേടിയതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.
സ്റ്റാർ സിംഗർ പരിപാടിയിൽ അവൻ തിളങ്ങുമ്പോൾ ഞങ്ങൾ അളവറ്റ് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു. അവിടെയും പരിമിതസാഹചര്യങ്ങളിൽ വളർന്നുവന്ന ആ കുട്ടിയെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും മറ്റും ചില ക്ഷുദ്ര മനസ്കർ പരിഹസിച്ചപ്പോൾ ഞങ്ങളുടെ ഉള്ളും അവനെയോർത്ത് നീറി.
രണ്ടു വർഷം അവന്റെ അദ്ധ്യാപികയായിരുന്ന എനിക്ക് അവന്റെ സംഗീതമെന്ന പോലെ വിനയമധുരമായ പെരുമാറ്റവും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടിരുന്നു. സഹപാഠികളോടും അദ്ധ്യാപകരോടും സജീവമായി ഇടപെട്ടിരുന്ന ആ കുട്ടി വിദ്യാർത്ഥി പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഠനകാലത്ത് യുവജനോത്സവ വേദികളിലും കേരളവർമ്മയിലെ സർഗ്ഗവേദികളിലും അവൻ സജീവ സാന്നിദ്ധ്യമായിരുന്നു.
സന്നി,കോളേജ് വിട്ട് ഇറങ്ങി ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലൂടെ ഒരു സ്റ്റാർ ആയി മാറിയതിനു ശേഷം എനിക്കുണ്ടായ ഒരു അനുഭവം കൂടി പങ്കു വെക്കുന്നു. കേരളവർമ്മ കോളേജ് റോഡിൽ പൊരിവെയിലത്ത് ഓട്ടോ റിക്ഷ കാത്ത് നിൽക്കുന്ന എന്റെ സമീപത്ത് ഒരു കാർ വന്നു നിൽക്കുകയും അതിൽ നിന്ന് തല നീട്ടി സന്നിധാനന്ദൻ എന്നെ വിളിക്കുകയും ചെയ്യുന്നു.. ” എവിടെ വേണമെങ്കിലും കൊണ്ടു പോയാക്കാം… ഒരു തിരക്കുമില്ല, ടീച്ചർ കയറണം” എന്ന് പറഞ്ഞ് ആ അൽപ്പം പഴക്കമുള്ള സെക്കന്റ് ഹാൻഡ് കാറിൽ കയറ്റി എന്നെ ലക്ഷ്യസ്ഥാനത്താക്കിയ അനുഭവം എനിക്ക് കിട്ടിയ ഏറ്റവും പ്രിയപ്പെട്ട ഗുരുദക്ഷിണയായി ഹൃദയത്തോട് ചേർത്ത് വെക്കുന്നു.
കുട്ടീ, ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതൽ തിളങ്ങുകയേ ഉള്ളൂ… നിന്റെ ലാളിത്യവും വിനയവും കഷ്ടപ്പെട്ട് വളർത്തിയ അമ്മയോടുള്ള സ്നേഹവുമെല്ലാം നിന്റെ വളർച്ചക്കു വളമാണ്…ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ…
ഒരാളുടെ വേഷഭൂഷകൾ കൊണ്ടോ രൂപഭംഗി കൊണ്ടോ അല്ല, അയാളെ അളക്കേണ്ടത് എന്നറിയാത്ത അൽപ്പബുദ്ധികൾ കേരളീയസമൂഹത്തിൽ ഇനിയും നിലനിൽക്കുന്നു എന്നത് നാണിപ്പിക്കുന്നു. മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ആ ഭാണ്ഠക്കെട്ടുകൾ ഇനിയും വലിച്ചെറിയാനാകാത്ത ഉഷാകുമാരിമാർക്ക് എന്നാണ് നല്ല ബുദ്ധിയുദിക്കുക? കാലത്തിനനുസരിച്ച് മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകൾക്കപ്പുറം ആത്മബോധത്തിന്റെ പ്രകാശം പരത്തി സൂര്യ സാന്നിധ്യമായി ശോഭിക്കാൻ സന്നിധാനന്ദനാകട്ടെ…. സ്നേഹം നിറഞ്ഞ ആശംസകൾ….
ENGLISH SUMMARY:
PV Sandesh, the personal security officer of Kerala Minister for Higher Education and Social Justice Dr. R Bindu, passed away at 46 due to heart-related issues. Minister Bindu expressed heartfelt condolences in a Facebook post, describing him as a son, brother, disciple, and devoted protector.









