സഹ. സംഘത്തിൽനിന്ന് കാണാതായത് രണ്ട് കോടി
കൊച്ചി: സിഐടിയുവും എഐടിയുസിയും ചേർന്ന് നിയന്ത്രിക്കുന്ന എറണാകുളം ജില്ലാ ട്രാൻസ്പോർട്ട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ രണ്ടുകോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആരോപണം. വിഷയത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഡയറക്ടർ ബോർഡിലെ നാല് അംഗങ്ങൾ രാജിവച്ചു.
എറണാകുളം ജില്ലാ ട്രാൻസ്പോർട്ട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഉണ്ടായ ക്രമക്കേടിൽ മുൻ ഭരണസമിതിക്കെതിരെയാണ് പ്രധാന ആരോപണങ്ങൾ ഉയരുന്നത്. സിഐടിയു നേതാവ് നജുമുദീൻ പ്രസിഡന്റായും എഐടിയുസി സംസ്ഥാന സെക്രട്ടറി പി.വി. ചന്ദ്രബോസ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന സമയത്താണ് ഈ അഴിമതി നടന്നത് എന്നാണ് ആരോപണം.
പാർട്ടി നേതൃത്വത്തെയും യൂണിയനുകളെയും അവഗണിച്ച്, സഹകരണ രജിസ്ട്രാറിനും വകുപ്പുതല വിജിലൻസ് അന്വേഷണത്തിനും പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പുതിയ ഭരണസമിതി ആരോപിക്കുന്നു.
കെഎസ്ആർടിസിയിലുള്ള യൂണിയനുകൾ ചേർന്ന് വർഷങ്ങളായി സൊസൈറ്റിയെ നിയന്ത്രിച്ചുവരികയാണ്. പുതിയ ഭരണസമിതി 2024 ഓഡിറ്റ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാൽ ഇതുവരെ അത് ലഭിച്ചിട്ടില്ല. 2023 ഓഡിറ്റിൽ മാത്രം 1.58 കോടിയോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. 2024 ഓഡിറ്റ് റിപ്പോർട്ടിലെ കണക്കുകൾ കൂടി വന്നാൽ ആകെയുള്ള നഷ്ടം 2 കോടിയിലധികം ആകുമെന്നാണ് റിപ്പോർട്ട്.
സൊസൈറ്റിയിൽ നിന്ന് രേഖാമൂലമല്ലാതെ പണം പുറത്ത് പോയതിന്റെയും, നാലു അംഗങ്ങളുടെ പേരിൽ പുറമേനിന്ന് എടുത്ത വായ്പകൾ ഉപയോഗിച്ച് സംഘം പണം തിരികെ അടച്ചതിന്റെയും തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിഐടിയു നിർദ്ദേശിച്ച മൂന്നംഗ കമ്മീഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിലും ഗൗരവമേറിയ ക്രമക്കേടുകൾ സ്ഥിരീകരിച്ചതായാണ് വിവരം. ഇക്കാര്യം സിപിഎമ്മിനും സിപിഐക്കും തലവേദനയായിരിക്കുകയാണ്.
സാമ്പത്തിക തിരിമറി; കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ജീവനക്കാരനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു
തിരുവനന്തപുരം: സാമ്പത്തിക തിരിമറി നടത്തിയതിൻറെ പേരിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ Kerala Agro Industries Corporation ജീവനക്കാരനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. കൊട്ടാരക്കര ഡിവിഷനിൽ എൻജിനീയറുടെ ഓഫിസിലെ അസിസ്റ്റൻറ് ചാർജ്മാൻ എസ്. ശ്യാമിനെയാണ് പിരിച്ചുവിട്ടുകൊണ്ട് മാനേജിങ് ഡയറക്ടർ ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്. നിലവിലെ ചെയർമാൻ വി. കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റ ശേഷം നിരവധി പരാതികൾ ശ്യാമിനെതിരായി ഉയർന്നു വന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് വൻ സാമ്പത്തിക തിരിമറി കണ്ടെത്തിയത്.
തിരുവനന്തപുരം അഗ്രോ സൂപ്പർ ബസാറിൽ നേഴ്സറി സെക്ഷൻറെ ചുമതല വഹിക്കുമ്പോഴാണ് സാമ്പത്തിക തിരിമറി നടക്കുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയിരുന്നു. തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി ക്രൈംബ്രാഞ്ച് അന്വേഷണത്തിനും അനുമതി നൽകി.
2015 മുതൽ സ്ഥാപനത്തിൽ ഓഡിറ്റിങ് നടത്തിയിരുന്നില്ല. വി. കുഞ്ഞാലി ചെയർമാനായ പുതിയ ഭരണസമിതിയുടെ കീഴിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പിരിച്ചുവിടലിന് മുന്നോടിയായി ശ്യാമിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർക്കാറിൻറെ പിന്തുണയോടുകൂടി അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി.
ENGLISH SUMMARY:
A major financial irregularity involving nearly ₹2 crore has been alleged in the Ernakulam District Transport Employees Co-operative Society, jointly run by CITU and AITUC. Delays in action against the scam prompted the resignation of four board members. The accused include former office bearers from both trade unions, while the current board demands an independent investigation.









