അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ. പ്രസിഡന്റ് സ്ഥാനത്തേക്കു വനിതകളുൾപ്പെടെ 6 പേരാണു ആകെ പത്രിക നൽകിയത്. എന്നാൽ ഈ മാസം 31നു പത്രിക പിൻവലിക്കുന്ന ദിവസമേ പാനലുകളും കൂട്ടുകെട്ടുകളും സംബന്ധിച്ച് അന്തിമ ചിത്രമാകൂ. ഓഗസ്റ്റ് 15നു കൊച്ചിയിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പേർ മത്സരരംഗത്തെത്തുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്കു ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവരാണ് പത്രിക നൽകിയത്. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരരംഗത്തുള്ള ഏറ്റവും സീനിയർ അംഗങ്ങൾ ജഗദീഷും ദേവനുമാണ്. ‘അമ്മ’യിൽ തലമുറമാറ്റം വേണമെന്നും യുവനേതൃത്വം വരണമെന്നും നേതൃനിരയിലുണ്ടായിരുന്ന മുതിർന്ന നടന്മാർ തന്നെ പല തവണ അഭ്യർഥിച്ചെങ്കിലും പ്രമുഖ യുവനടന്മാർ മുന്നോട്ടു വന്നില്ല. നേരത്തെ വിജയരാഘവൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പത്രിക നൽകിയില്ല.
അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്കു ജോയ് മാത്യു നൽകിയ പത്രിക തള്ളി. ജഗദീഷ് മത്സരിക്കുന്ന സാഹചര്യത്തിൽ വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. നാമനിർദേശ പത്രികയിലെ ഡിക്ലറേഷനിൽ ഒപ്പിടാതിരുന്നതാണെന്നു ജോയ് മാത്യുവുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ജോയ് മാത്യുവിന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
എല്ലാ സ്ഥാനങ്ങളിലേക്കും പത്രിക നൽകി
അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ തുടങ്ങിയവർ എല്ലാ സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും പത്രിക നൽകി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യനായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ തുടങ്ങിയവരും പത്രിക നൽകി. ട്രഷറർ സ്ഥാനത്തേക്കു വിനു മോഹൻ, ടിനി ടോം, കുക്കു പരമേശ്വരൻ, സുരേഷ് കൃഷ്ണ, കൈലാഷ് എന്നിവരും പത്രിക നൽകിയിട്ടുണ്ട്.
ഇതോടെ താരസംഘടനായ ‘അമ്മ’യിലെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന മത്സരം ഇക്കുറി കടുക്കുമെന്ന് ഉറപ്പാണ്. സരയു, അന്‍സിബ, വിനു മോഹന്‍, ടിനി ടോം, അനന്യ, കൈലാഷ് തുടങ്ങിയവരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. ആരോപണവിധേയര്‍ മത്സരിക്കുന്നതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് തങ്ങള്‍ കോടതിയല്ല എന്നായിരുന്നു നടി സരയുവിന്റെ പ്രതികരണം. ജനാധിപത്യപരമായി മത്സരം നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും നടി സരയു മാധഅയമങ്ങളോട് പ്രതികരിച്ചു. രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ആരോപണ വിധേയർ മത്സരിക്കുന്നുണ്ടല്ലോ പിന്നെയെന്തുകൊണ്ട് ഒരു സംഘടനയിലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടാ എന്നാണ് നടി അൻസിബ ചോദ്യത്തോട് പ്രതികരിച്ചത്.
ആരോപണവിധേയർ കുറ്റക്കാരാണോ എന്ന് കണ്ടെത്തേണ്ടത് കോടതിയാണെന്നും അൻസിബ പറഞ്ഞു. എന്നാൽ ആരോപണ വിധേയരായവർ മത്സരത്തിൽ നിന്നും മാറിനിൽക്കുന്നതാണ് മര്യാദ എന്നാണു നടൻ അനൂപ് ചന്ദ്രൻ പ്രതികരിച്ചത്. അമ്മ’ ഒരു സന്നദ്ധ സംഘടനയാണ്. അതിന്റെ മാഹാത്മ്യം മനസിലാക്കി അത്തരം മൂല്യമുള്ള ആളുകള്‍ സ്ഥാനങ്ങളിലേക്ക് വരിക എന്നതാണ് സംഘടനയുടെ പ്രധാനപ്പെട്ട ആളുകള്‍ ചിന്തിക്കേണ്ടതുണ്ടെന്നും ആരോപണവിധേയരും ക്രിമിനലുകളും സംഘടനയില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍, അവരെ പുറത്തുകളഞ്ഞ് ശുദ്ധമാക്കി സമൂഹത്തിന്റെ ‘അമ്മ’യാക്കി മാറ്റേണ്ട ഉത്തരവാദിത്തം മുഴുവന്‍ അംഗങ്ങള്‍ക്കുമുണ്ടെന്നുമായിരുന്നു അനൂപ് ചന്ദ്രന്റെ പ്രതികരണം.
അടുത്തിടെ നടന്ന ജനറൽ ബോഡിയിൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. സംഘടനയിലെ ഇരുപതോളം പേർ ജനറൽ ബോഡിയിൽ മോഹൻലാലിനു വേണ്ടി ശക്തമായി വാദിച്ചെങ്കിലും, തുടരുന്നില്ല എന്ന് മോഹൻലാൽ ഉറപ്പിച്ച് പറയുകയായിരുന്നു. താൻ പ്രസിഡന്റാകാൻ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെ എന്നുമുള്ള നിലപാടാണ് നടൻ മോഹൻലാൽ കൈകൊണ്ടത്. ഇതോടെ, തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്താൻ ജനറൽ ബോഡി തീരുമാനിക്കുകയായിരുന്നു.
ENGLISH SUMMARY:
A record 74 candidates have filed nominations for the upcoming AMMA (Association of Malayalam Movie Artists) elections, making it the most competitive in the organization’s history. Notably, six candidates, including women, are in the fray for the President post. However, the final picture regarding official panels and alliances will become clear only after the withdrawal deadline on July 31. The election is scheduled to be held on August 15 in Kochi.









