ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ
സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി തന്റെ കുടുംബം ഒരു ചർച്ചകളും നടത്തിയിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെടുകയോ ചർച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നത്.
അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോടതി വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ അപ്പോഴും ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതൻമാരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന വിവരം.
എന്നാൽ വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്ത. പക്ഷെ വിഷയത്തിൽ തലാലിന്റെ സഹോദരന്റെ പുതിയ വെളിപ്പെടുത്തൽ നടത്തിയതോടെ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ. പോൾ സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു. യെമനിലെയും ഇന്ത്യയിലെയും വിവിധ മത-രാഷ്ട്രീയ-സാമൂഹ്യ നേതാക്കളുടെ ഇടപെടലുകളാണ് ഈ അനുകൂല തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.
നിമിഷപ്രിയ ഉടൻ മോചിതയാവുകയും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. പോൾ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഡോ. പോൾ നന്ദി അറിയിച്ചു. വിവിധ ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഇത് ഔദ്യോഗികമായി ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.
ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം നടന്ന ഉന്നതതല ഇടപെടലുകളെ തുടർന്ന് ശിക്ഷ വിധി താത്കാലികമായി നീട്ടിവെക്കുകയായിരുന്നു. കേന്ദ്രസർക്കാർ ഇടപെടലുകൾക്ക് പുറമെ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും യെമനിലെ പണ്ഡിതരുമായി ചർച്ച നടത്തിയിരുന്നു.
2015-ൽ യെമനിലെ സനായിൽ തലാൽ എന്നയാളുടെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ഒരു ക്ലിനിക്ക് തുടങ്ങി. 2017 ജൂലൈയിൽ തലാൽ കൊല്ലപ്പെട്ട സംഭവത്തിൽ നിമിഷപ്രിയയെയും സഹപ്രവർത്തകയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2020-ൽ വിചാരണക്കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. ഈ വിധിക്കെതിരെ നൽകിയ അപ്പീലുകളെല്ലാം വിവിധ കോടതികൾ തള്ളി. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന സാഹചര്യത്തിലാണ് ശിക്ഷ റദ്ദാക്കിയെന്ന വാർത്ത പുറത്തുവന്നത്.
English Summary :
Abdul Fattah Mahdi, brother of Talal, clarifies that there were no discussions with Kanthapuram regarding the release of Nimisha Priya; also states that those claiming to have held talks have no connection with his family