വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ
കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കേരളത്തിൽ മാത്രം ജീവൻ നഷ്ടമായത് 84 പേർക്കെന്ന് കേന്ദ്ര പരിസ്ഥിതി, വന്യജീവി വകുപ്പ് മന്ത്രി ഭുപേന്ദർ യാദവ്. ലോക്‌സഭയിൽ ബെന്നി ബഹനാൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2024 -25 കാലഘട്ടത്തിൽ വിവിധ ജില്ലകളിലായി 67 പേരും 2025 -26 യിൽ 17 പേരുമാണ് മരണമടഞ്ഞത്.
ജില്ലകളുടെ കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് തൃശ്ശൂർ ജില്ലയിലാണ്.
രണ്ടുവർഷക്കാലത്തിനിടെ ഇവിടെ മാത്രം 13 മരണങ്ങളാണ് സംഭവിച്ചത്. മലപ്പുറം 11, പാലക്കാട് 11, ഇടുക്കി 9, കൊല്ലം 8, കാസർഗോഡ് 7, വയനാട് 6, എറണാകുളം 4, കണ്ണൂർ 4, കോട്ടയം 3, തിരുവനന്തപുരം 3, പത്തനംതിട്ടയിലും ആലപ്പുഴയിലും രണ്ടും വീതമാണ് ജില്ലതിരിച്ചുള്ള കണക്കുകൾ.
മന്ത്രാലയം നൽകിയ കണക്കുപ്രകാരം മരണമേറ്റാൽ ലഭിക്കുന്ന നഷ്ടപരിഹാരം ₹10 ലക്ഷം രൂപ ആയി ഉയർത്തിയിട്ടുണ്ട്. ഗുരുതര പരിക്കുകൾക്ക് ₹2 ലക്ഷം രൂപയും, ചെറുപരിക്കുകൾക്ക് ചികിത്സാചെലവ് (പരമാവധി ₹25,000 വരെ) ലഭ്യമാകും.
കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നത് സാങ്കേതിക മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന തുകയായിരിക്കുമെന്നും ചോദ്യത്തിനു നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണം: നഷ്ടപരിഹാരം എങ്ങനെ വാങ്ങാം ? എത്ര ലഭിക്കും ?
വന്യജീവി ആക്രമണം തുടർച്ചയായതോടെ നഷ്ടപരിഹാരം എങ്ങനെ നേടാം എന്ന ചോദ്യവും ഉയരുന്നുണ്ട്.
ലഭിക്കുന്ന സഹായം
*വന്യജീവി ആക്രമണം മൂലം മനുഷ്യ ജീവൻ നഷ്ടപ്പെട്ടാൽ – 10 ലക്ഷം രൂപ .
*വനത്തിനു പുറത്തു വെച്ചുള്ള പാമ്പ് കടിയേറ്റു മരണം – രണ്ടു ലക്ഷം .
*സ്ഥായിയായ അംഗഭംഗം
-പരമാവധി രണ്ടു ലക്ഷം രൂപ .
*പരിക്ക് -പരമാവധി ഒരു ലക്ഷം രൂപ (മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് അടിസ്‌ഥാനത്തിൽ (പട്ടിക വർഗ വിഭാഗത്തിന് പരിധിയില്ലാതെ ചെലവായ തുക ).
*വിളനാശം / വീട് കേടുപാട് /കന്നുകാലി നഷ്ടം – പരമാവധി ഒരു ലക്ഷം രൂപ വരെ.
എവിടെ നിന്ന് വാങ്ങും .
അക്ഷയ കേന്ദ്രം വഴി ഇ ഡിസ്ട്രിക്ട് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം .
പ്രദേശത്തെ റേഞ്ച് ഫോറെസ്റ് ഓഫീസർക്കും മുഖേനയും സമർപ്പിക്കാം
സമയ പരിധി : ജീവനാശത്തിനുള്ളത് ഒരു വർഷത്തിനകം /മറ്റുള്ളവ ആറുമാസത്തിനകം
അപേക്ഷിക്കേണ്ട വെബ്സൈറ്റ്:
http://edistrict.kerala.gov.in
ഓൺലൈൻ അപേക്ഷാ ഫോം:http//www.forest.kerala.gov.in/images/application/-546.pdf
English Summary :
Union Minister for Environment and Wildlife Bhupender Yadav stated that a total of 84 people have lost their lives in wildlife attacks in Kerala over the past two years