അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട മഴയും കാറ്റും തുടരുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ചവരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരള, കർണാടക തീരങ്ങളിൽ നാളെ വരെയും ലക്ഷദ്വീപ് തീരത്ത് 24 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ വരും ദിവസങ്ങളിലും തുടരും; അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിങ്കളാഴ്ചയില്‍ നിന്ന് വ്യത്യസ്തമായി പാലക്കാടിനെയും കൂടി ഒഴിവാക്കി മറ്റു ജില്ലകളിലെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്.
ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ട. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
ആന്ധ്രാ- ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മഴമുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിലും ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പുതിയ പ്രവചനം. ഈ രണ്ട് ജില്ലകളിലും രാവിലെ ഗ്രീൻ അലർട്ട് ആയിരുന്നു.
അതേസമയം കണ്ണൂർ, കാസർകോട്, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്തിനും കൊല്ലത്തിനും പുറമേ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
സംസ്ഥാനത്ത് മണിക്കൂറിൽ 50 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ 22–ാം തീയതി വരെ മത്സ്യതൊഴിലാളികൾ കടലിൽപോകരുതെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 24–ാം തീയതിയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപമെടുക്കാനും മഴകനക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പെയ്ത കനത്ത മഴയിൽ താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി ആനപ്പാറപ്പൊയിലിൽ രാധ എന്ന വീട്ടമ്മയുടെ വീടിന്റെ പിൻഭാഗത്തെ ഭിത്തി പൂർണ്ണമായും തകർന്നു.
മൺകട്ടകൾ കൊണ്ട് നിർമ്മിച്ച വീടിന്റെ അടുക്കള ഭാഗമാണ് പൂർണ്ണമായി തകർന്നടിഞ്ഞത്. ഇതോടെ ഈ വീട് വാസയോഗ്യമല്ലാതായി.
രാധയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം ഇപ്പോൾ എവിടെ താമസിക്കണമെന്നറിയാതെ വിഷമിക്കുകയാണ്.
മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന് കാലപ്പഴക്കമുണ്ടായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ പലതവണ അപേക്ഷ നൽകിയിട്ടും തങ്ങളുടെ അപേക്ഷ പരിഗണിക്കപ്പെട്ടില്ലെന്ന് കുടുംബം അറിയിച്ചു.
സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്; നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് വിവധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്.
അപകടകരമായ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പ്.
കോഴിക്കോട്- കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ), കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ), കണ്ണൂരിലെ പെരുമ്പ (കൈതപ്രം സ്റ്റേഷൻ), കാസറഗോഡിലെ ഷിറിയ (അംഗഡിമൊഗർ സ്റ്റേഷൻ), ഉപ്പള (ഉപ്പള സ്റ്റേഷൻ), നിലേശ്വരം (ചായോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) തുടങ്ങിയിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ്. വയനാട്ടിലെ കബനി (മുത്തങ്ങ സ്റ്റേഷൻ), കോഴിക്കോട്ടെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), കണ്ണൂർ- അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷൻ & മെരുവമ്പായി സ്റ്റേഷൻ), കവ്വായി (വെള്ളൂർ റിവർ സ്റ്റേഷൻ), കാസറഗോഡ് ഉപ്പള (ആനക്കൽ സ്റ്റേഷൻ), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷൻ), കാര്യംക്കോട് (ഭീമനാടി സ്റ്റേഷൻ) എന്നീ തീരങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
English Summary :
Isolated rain and wind are likely to continue in the state for the next five days. There is also a possibility of strong winds with speeds ranging from 40 to 50 km/h until Thursday