പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിന്റെ പേരില്‍ രാജ്യത്ത് വന്‍ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്‌സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പണം തട്ടിയിരുന്നത്.
സംഭവത്തിൽ മൂന്ന് പേരെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളെയാണ് പിടികൂടിയത്. വാരാണസിയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.
2700 ഓളം പേരെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് വിവരം. കേരളത്തില്‍ മാത്രം 500 ഓളം തട്ടിപ്പുകള്‍ നടത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് 45 ലക്ഷം രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ സംഘം കവര്‍ന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് വാഹന ഉടമകളുടെ വിവരങ്ങള്‍ തട്ടിപ്പ് സംഘം ശേഖരിച്ചത്.
പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്‌സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കി പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
അയ്യപ്പന്റെ പേരിൽ പഞ്ചലോഹ തട്ടിപ്പ്
കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്നറിയിച്ച് സ്വകാര്യ വ്യക്തി പണസമാഹരണം നടത്തുന്നത് ഹൈക്കോടതി തടഞ്ഞു.
ക്ഷേത്രാങ്കണത്തിൽ വിഗ്രഹം വയ്‌ക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ല. അതിന്റെ പേരിൽ പണപ്പിരിവ് നടത്താനാകില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന അറിയിപ്പ് വെർച്ച്വൽ ക്യൂ പ്ലാറ്റ് ഫോമിൽ പരസ്യപ്പെടുത്താനും കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു.
ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് പരിഗണിക്കുന്നത്.
അതേ സമയം വാദത്തിനിടെ കോടതി ഇന്നലെ ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ വിശദീകരണം തേടിയിരുന്നു. ആചാരങ്ങളെ ബാധിക്കാത്ത വിധം പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതിനു വേണ്ട സഹായങ്ങൾ നൽകാൻ നിർദ്ദേശിച്ച് ദേവസ്വം ബോർഡ് സെക്രട്ടറി കഴിഞ്ഞ് 4ന് കത്തയച്ചിരുന്നതായി എക്സിക്യുട്ടിവ് ഓഫീസർ വ്യക്തമാക്കി.
എന്നാൽ, പണസമാഹരണത്തിന് നിർദ്ദേശിച്ചിട്ടില്ലെന്നും വിഗ്രഹം സ്ഥാപിക്കാൻ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് അഭിഭാഷകൻ ജി. ബിജുവിന്റെ വിശദീകരണം.
ഇക്കാര്യത്തിൽ വ്യക്തത തേടിയ കോടതി ഇത് സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
ആര്യയുടെ ‘കാഞ്ചീവര’ത്തിന്റെ പേരിൽ തട്ടിപ്പ്
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബഡായിയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ പേരിൽ വൻ തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
ആര്യയുടെ സ്ഥാപനമായ ‘കാഞ്ചീവര’ത്തിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ആര്യ പൊലീസിൽ പരാതി നൽകി. ബിഹാറിൽനിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ് ആര്യ ഈ വിവരം അറിഞ്ഞത്. പൊലീസിൽ പരാതി നൽകിയതായി ആര്യ പറഞ്ഞു.
തട്ടിപ്പിന് ഇരയായതായി നിരവധി പേരാണ് തന്നെ ദിവസേനെ വിളിച്ച് പറയുന്നതെന്നും ആര്യ പ്രതികരിച്ചു. പേജിലെ വിഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകൾ നിർമിക്കുന്നത്.
ബന്ധപ്പെടാനായി ഫോൺ നമ്പറും നൽകിയിട്ടുണ്ടാകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു കൊടുക്കും.
തുടർന്ന് പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും. ഇതാണ് തട്ടിപ്പിന്റെ രീതി. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.
Summary: A massive scam has been reported in India using the name of the Motor Vehicles Department’s Parivahan website. Fraudsters sent fake WhatsApp links impersonating the official Parivahan portal to extort money from the public.